ഡൽഹി മുഖ്യമന്ത്രിക്ക് കിട്ടിയ അടിയിൽ പതറി ബി.ജെ.പി, ചതിക്കുമെന്ന് ആശങ്ക !

ഒരടിയില്‍ പൊഴിയുമോ ഡല്‍ഹിയില്‍ താമര ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് അടിച്ച സംഭവമാണ് ബി.ജെ.പിയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. അടിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് ഇതിനകം തന്നെ ആം ആദ്മി പാര്‍ട്ടി ആരോപിച്ചു കഴിഞ്ഞു. ഈ പ്രചരണം കാവി പാളയത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യയാകട്ടെ ഗുരുതരമായ ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്.കെജ്‌രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയും അമിത് ഷായും ആഗ്രഹിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളിലും വീടുകളില്‍ കയറിയും വ്യാപകമായ പ്രചരണമാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയത്. കെജ്‌രിവാളിനെ യുവാവ് അടിക്കുന്ന ദൃശ്യം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം, ആം ആദ്മി പാര്‍ട്ടി നടത്തിയ നാടകമാണിതെന്ന് തിരിച്ചടിച്ച് ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഏശിയിട്ടില്ല.

ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പാണെന്നതിനാല്‍ എല്ലാ വിമര്‍ശനങ്ങളും കേന്ദ്ര സര്‍ക്കാറിനെതിരാണിപ്പോള്‍. ഒരു മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ പോലും പറ്റാത്ത ഭരണമാണ് മോദിയുടേതെന്ന വാദവും ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നു. കേന്ദ്രത്തില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ കഴിഞ്ഞാല്‍ പൊലീസ് ഭരണം ഡല്‍ഹി സര്‍ക്കാരിന് കീഴിലാക്കുമെന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം.

ബി.ജെ.പി ഇതര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രധാനമായും തങ്ങളുടെ ഉപാധി ഇക്കാര്യമായിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കി കഴിഞ്ഞു. ഡല്‍ഹിക്ക് സ്വയം ഭരണം ലഭിച്ചാല്‍ മാത്രമേ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു എന്ന നിലപാട് കെജ്‌രിവാള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. നിരന്തരം കേന്ദ്ര സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന കെജ്‌രിവാള്‍ സര്‍ക്കാരിനെ ലഫ്റ്റനന്റ് ഗവര്‍ണ്ണറെ ഉപയോഗിച്ച് പൂട്ടാന്‍ പലവട്ടം കേന്ദ്ര സര്‍ക്കാര്‍ നോക്കിയിരുന്നെങ്കിലും നടന്നിരുന്നില്ല.

ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ വസതിയില്‍ നിരാഹാരം കിടന്നും ജന രോഷം ഉയര്‍ത്തിയുമാണ് അട്ടിമറി നീക്കത്തെ കെജ്‌രിവാള്‍ നേരിട്ടിരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടി ചെറിയ പാര്‍ട്ടിയാണെങ്കിലും ഒരു നേതാവെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് മോദിക്ക് കെജരിവാള്‍ ഉയര്‍ത്തുന്നത്.

കെജ്‌രിവാളിന് മര്‍ദ്ദനമേറ്റ സംഭവം ഡല്‍ഹിയില്‍ മാത്രമല്ല, അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ ജനപിന്തുണയുള്ള പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി.

കോണ്‍ഗ്രസ്സ് സഖ്യ നിര്‍ദേശത്തില്‍ നിന്നും പിന്മാറിയതോടെ ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ഇവിടങ്ങളില്‍ നിന്നായി ആകെ 30 ലോക സഭ സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണവും ഡല്‍ഹിയില്‍ നിന്നുള്ളതാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആണത്തത്തിന്റെ പ്രതീകമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന നേതാവണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കാള്‍ മോദിയെ വിറളിപിടിപ്പിക്കുന്നത് മൂക്കിനു താഴെ ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കെജ്‌രിവാള്‍ നടത്തുന്ന പോരാട്ടങ്ങളാണ്.

റോഡ് ഷോക്കിടെ ഡല്‍ഹിയിലെ മോത്തി നഗറില്‍ പ്രചരണ വാഹനത്തില്‍ക്കയറി യുവാവ് മുഖത്തടിച്ച ഇപ്പോഴത്തെ സംഭവമാണ് കെജ്‌രിവാള്‍ നേരിട്ട ഒടുവിലത്തെ ആക്രമണം. അക്രമി കൈലാഷ് പാര്‍ക്ക് സ്വദേശി സുരേഷിനെ ആം ആദ്മി പ്രവര്‍ത്തകരാണ് പിടികൂടി പോലീസിനു കൈമാറിയിരുന്നത്.

ആക്രമണ ഭീഷണിയുള്ള കെജ്‌രിവാളിന് ഇതുവരെ നരേന്ദ്രമോദി സുരക്ഷ നല്‍കിയിട്ടില്ല. കേരളത്തില്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനുവരെ സുരക്ഷയൊരുക്കുമ്പോഴാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് കേന്ദ്രം സുരക്ഷയൊരുക്കാതിരിക്കുന്നത്‌.

ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയതിനു പിന്നാലെയാണ് കെജ്‌രിവാളിനു നേരെ ആദ്യ ആക്രമണം നടക്കുന്നത്. 2012ലാണ് ലോക്പാല്‍ ബില്ലിനായുള്ള അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയത്. 2013ല്‍ പത്രസമ്മേളനം നടത്തുന്നതിനിടെ കെജ്‌രിവാളിനെതിരെ മഷിയെറിഞ്ഞ് കൊണ്ടായിരുന്നു ആദ്യ ആക്രമണം.

അണ്ണാഹസാരെയുടെ അനുയായിയെന്ന് അവകാശപ്പെട്ട നചികേത വഗ്രേക്കറാണ് ആക്രമണം നടത്തിയത്. അന്നും ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു.

2014ല്‍ നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമ്പോഴായിരുന്നു കെജ്രിവാള്‍ അടുത്ത ആക്രമണം നേരിട്ടത്. കെജ്‌രിവാളിനും അനുയായികള്‍ക്കുമെതിരെ മുട്ടയെറിഞ്ഞായിരുന്നു യിപിയിലെ ആക്രമണം.

മാസങ്ങള്‍ക്കു ശേഷം അണ്ണാഹസാരെയുടെ അനുഭാവി എന്നവകാശപ്പെട്ടയാള്‍ കെജ്‌രിവാളിന്റെ ജീപ്പില്‍കയറി അദ്ദേഹത്തിന്റെ കഴുത്തിന് അഞ്ഞടിച്ചു. അതേവര്‍ഷം ഏപ്രിലില്‍ ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ ഒരു ഓട്ടോ ഡ്രൈവറുടേയും മര്‍ദ്ദനമേറ്റു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു യുവാവ് കെജ്‌രിവാളിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

2016ല്‍ പഞ്ചാബില്‍ വെച്ചായിരുന്നു കെജ്‌രിവാളിനു നേരെ അടുത്ത ആക്രമണമുണ്ടായത്. ഇരുമ്പുദണ്ഡുകളുമായെത്തിയ അക്രമി സംഘം ലുധിയാനയില്‍ കെജ്‌രിവാളിന്റെ കാറിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അതേ വര്‍ഷം ഡല്‍ഹിയില്‍ വാഹനനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കെജ്‌രിവാളിനെതിരെ ഷൂ എറിഞ്ഞുള്ള ആക്രമണവുമുണ്ടായി.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഒരു മുഖ്യമന്ത്രിയും നേരിടാത്ത മുളകുപൊടി ആക്രമണം കെജ്‌രിവാളിനു നേരെയുണ്ടായത്. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ വച്ചാണ് കെജ്‌രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ശേഷം അനില്‍ ശര്‍മയെന്ന യുവാവ് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞത്.

തുടരെ തുടരെ ആക്രമണങ്ങളുണ്ടായിട്ടും കെജ്‌രിവാളിന് പഴുതടച്ച സുരക്ഷയൊരുക്കാതെ ഡല്‍ഹി പോലീസ് മോദിയുടെ താല്‍പര്യം സംരക്ഷിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

ഐ.ആര്‍.എസ് നേടി സ്വന്തമാക്കിയ ഇന്‍കംടാക്സ് ജോയിന്റ് കമ്മീണര്‍ സ്ഥാനം രാജിവെച്ച് പൊതുരംഗത്തേക്കിറങ്ങിയ സാമൂഹ്യപ്രവര്‍ത്തകനാണ് കെജ്‌രിവാള്‍. അഴിമതിക്കെതിരെ ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ വലംകൈയ്യായി നിന്നതും കെജ്‌രിവാളായിരുന്നു.

ഹസാരെയെ സംഘപരിവാര്‍ വരുതിയിലാക്കിയപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം തനിച്ചുമുന്നോട്ടുകൊണ്ടുപോയതും കെജ്‌രിവാളായിരുന്നു. ഇതാണ് ആം ആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിലും ഡല്‍ഹിയുടെ ഭരണം പിടിക്കുന്നതിലും കലാശിച്ചത്.

15വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെതിരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ന്യൂഡല്‍ഹിയില്‍ ചെന്ന് മത്സരിക്കാനുള്ള ചങ്കൂറ്റമാണ് 2013ല്‍ കെജ്‌രിവാള്‍ കാണിച്ചത്.

അഴിമതിക്കെതിരെ കെജ്‌രിളിന്റെ പോരാട്ടത്തെ ഡല്‍ഹി ജനത പിന്തുണച്ചപ്പോള്‍ ഷീലാ ദീക്ഷിതിന് 25,864 വോട്ടിന്റെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 70 നിയമസഭാ സീറ്റുകളില്‍ 28 സീറ്റുമായി ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും 31 സീറ്റുള്ള ബി.ജെ.പി ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

തൂക്കുനിയമസഭയായപ്പോള്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പുറമെ നിന്നുള്ള പിന്തുണയോടെ കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ പാസാക്കാന്‍ കഴിയാഞ്ഞതോടെ 2014 ഫെബ്രുവരി 14ന് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ജനങ്ങളുടെ ഇടയിലേക്കിറങ്ങി.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയ നരേന്ദ്രമോഡിക്കെതിരെ ആംആദ്മി പാര്‍ട്ടിക്ക് വേരോട്ടമോ സംഘടനാസംവിധാനമോ ഒന്നുമില്ലാത്ത വാരണാസിയില്‍പോയി മത്സരിക്കാനും കെജ്‌രിവാള്‍ ധൈര്യംകാട്ടി.

പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്- എസ്.പി സഖ്യവും ബി.എസ്.പിയും കെജ്‌രിവാളിനെ പിന്തുണക്കാതെ വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ഇവിടെ മത്സരിച്ചിരുന്നത്. ആര്‍.എസ്.എസിന്റെ സുശക്തമായ സംഘടനാ പ്രവര്‍ത്തനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ലെങ്കിലും വാരണാസിയില്‍ 2,09,238 വോട്ടുകള്‍ നേടാന്‍ കെജ്‌രിവാളിനായിരുന്നു.

സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമായി മത്സരിച്ചിട്ടും കോണ്‍ഗ്രസിന് 75,614 വോട്ടും ബി.എസ്.പിക്ക് 60,579 വോട്ടും മാത്രമാണ് ലഭിച്ചത്. വാരണാസിയില്‍ മോദി 3,70,000 വോട്ടിനു വിജയിച്ചപ്പോള്‍ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്നും വിലയിരുത്തലുണ്ടായി.

മോദിയോടുള്ള പരാജയത്തിന് പകവീട്ടി മോദി പ്രധാനമന്ത്രിയായ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ബി.ജെ.പിയെ തകര്‍ത്ത് ഒരു കൊടുങ്കാറ്റുപോലെ വീണ്ടും കെജ്‌രിവാള്‍ തിരിച്ചെത്തി. 2015ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 സീറ്റും നേടിയാണ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായത്.

ന്യൂഡല്‍ഹി മണ്ഡലത്തിലെ ഭൂരിപക്ഷം 31,583 വോട്ടായി കെജ്രിവാള്‍ വര്‍ധിപ്പിച്ചു. കേവലം ഒരു ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന മൂന്ന് അംഗങ്ങള്‍മാത്രമായി ബി.ജെ.പി ചുരുങ്ങി. കെജ്രിവാളിനെ പിന്നില്‍ നിന്നും കുത്തിയ കോണ്‍ഗ്രസിനാവട്ടെ ഒറ്റ അംഗപോലുമില്ലാത്ത സമ്പൂര്‍ണ്ണപരാജയവും.

ഇപ്പോള്‍ നടക്കുന്ന നിര്‍ണ്ണായക ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യനീക്കത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറിയിട്ടും തന്റേടത്തോടെ എതിരാളിയെ അവരുടെ മടയില്‍പ്പോയി നേരിടുന്ന ആംആദ്മി പാര്‍ട്ടിയുടെ പടനായകനാണ് ഈ മുഖ്യമന്ത്രി. മുഖത്തടിച്ചും മുളകുപൊടിയെറിഞ്ഞുമുള്ള ആക്രമണങ്ങളെ പുഞ്ചിരിയോടെ നേരിട്ട് മോദിക്കെതിരായ പോരാട്ടം വീണ്ടും കടുപ്പിക്കുകയാണ് കെജ്‌രിവാള്‍. ഇത്തവണ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെ പിന്തുണച്ച് സിപിഎമ്മും സജീവമായി രംഗത്തുണ്ട്.

Express Kerala View

Top