‘മറ്റൊരു ദിവസം സന്ദര്‍ശിക്കും’; അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന്‌ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന്‌ വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മറ്റൊരു ദിവസം തന്റെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ കോണ്‍ഗ്രസും തൃണമൂലും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിരുന്നു.

നിലവില്‍ അരവിന്ദ് കെജ്‌രിവാളിന് അയോധ്യയിലെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. എന്നാല്‍ ജനുവരി 22-ന് മറ്റുപരിപാടികള്‍ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ക്ഷണം പിന്നാലെ വരുമെന്ന സൂചനയ്ക്കിടെയാണ് ചടങ്ങില്‍ താനുണ്ടാകില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇതാദ്യമായാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

‘മുഴുവന്‍ കുടുംബത്തിനുമൊപ്പം അയോധ്യ സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ അച്ഛനമ്മമാര്‍ക്ക് അവിടെ പോകണമെന്ന് വലിയ ആഗ്രഹമുണ്ട്. ക്ഷണം ഇല്ലെങ്കിലും ഞാനവിടെ പോകും. ജനുവരി 22-ന് ശേഷം എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഞാന്‍ അയോധ്യയില്‍ പോകുക.’ -അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ ചൊവ്വാഴ്ച നടന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ചടങ്ങില്‍ കെജ്‌രിവാളും ഭാര്യയും പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി ശ്രീരാമന്റേയും ഹനുമാന്റേയും അനുഗ്രഹം തേടിയെന്നാണ് ഇതിന് ശേഷം കെജ്‌രിവാള്‍ പ്രതികരിച്ചത്.

Top