കര്‍ഷക പ്രക്ഷോഭം; നിരാഹാരസമരം പ്രഖ്യാപിച്ച് കെജ്‌രിവാളും

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പ്രവർത്തകരോടും സമരം സമരത്തില്‍ പങ്കുചേരാൻ കെജ്‌രിവാൾ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കർഷക നേതാക്കളും നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും കർഷകർ ഉപരോധിച്ചു. കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കുമെന്നും കർഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു.

രാജസ്ഥാൻ ഹരിയാന അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു. സർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെട്ടത്. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്

Top