Arvind Kejriwal vsModi: This fight is set for a long haul

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്, അതും കേന്ദ്രസര്‍ക്കാരില്‍ നിന്ന്… ഒരേയൊരു മുഖ്യമന്ത്രിയേയുള്ളു. അതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

സംഘ്പരിവാറിന്റെ കടുത്ത എതിരാളികളായി കരുതപ്പെടുന്ന കമ്മ്യൂണിസ്റ്റുകളോട് പോലും ഇത് സ്വന്തം തറവാടായി കണക്കാക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് പിണറായി-മോദി സന്ദര്‍ശനത്തിലൂടെ രാജ്യം കേട്ടതാണ്.

ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും പകപോക്കലും മോദി സര്‍ക്കാര്‍ അധികാരമേറ്റയുടനെ തുടങ്ങിയതാണ്.

വീരശൂര പരാക്രമിയായ സാക്ഷാല്‍ കിരണ്‍ ബേദിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിട്ടും രാജ്യ തലസ്ഥാനത്ത് നടന്ന ഈ മുന്‍ ഐപിഎസ്-ഐആര്‍എസ് ഉദ്യോഗസ്ഥരുടെ ഏറ്റുമുട്ടലില്‍ വിജയം കെജ്‌രിവാളിനൊപ്പം തന്നെയായിരുന്നു.

കുടിവെള്ള ക്ഷാമം പരിഹരിക്കാനും വൈദ്യുതി ചാര്‍ജ്ജ് വെട്ടി കുറക്കാനും ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

ഒരിക്കലും നടപ്പാവാത്ത വാഗ്ദാനങ്ങളാണ് കെജ്‌രിവാള്‍ നല്‍കിയതെന്ന് ആരോപിച്ചവര്‍ക്ക് പോലും മൂക്കത്ത് വിരല്‍ വയ്‌ക്കേണ്ട സാഹചര്യമുണ്ടായി.

വാഗ്ദാനങ്ങള്‍ നടപ്പാക്കിയ മുഖ്യമന്ത്രി എന്ന പ്രതിച്ഛായയോടെ കെജ്‌രിവാള്‍ ഉയരുന്നത് ഭാവിയില്‍ മോദിക്ക് വെല്ലുവിളിയാവുമെന്ന് കണ്ടാണ് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാരിന്റെ സുപ്രധാന ചുമതല വഹിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ ലഫ.ഗവര്‍ണര്‍ നജീബ് ജങ്ങ് ഇടപെട്ട് സ്ഥലം മാറ്റിയത് കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

ഡല്‍ഹിയെ നശിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

സൗജന്യനിരക്കില്‍ ആരോഗ്യ സേവനം നല്‍കുന്ന മൊഹല്ല ക്ലിനിക്കുകളുടെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത്- ആരോഗ്യ വകുപ്പുകളുടെ സെക്രട്ടറി തരുണ്‍ സീം, പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ ഇന്‍ ചീഫ് എസ് ശ്രീവാസ്തവ എന്നിവരാണ് സ്ഥലം മാറ്റപ്പെട്ടവരില്‍ പ്രമുഖര്‍.

പുതിയ സ്‌കൂളുകളുടെയും ക്ലാസ്സ് മുറികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥരായിരുന്ന ശ്രീവാസ്തവയും തരുണ്‍ സീമും.

എഎപി സര്‍ക്കാരിന്റെ എല്ലാ നിയമനങ്ങളും റദ്ദാക്കിയതായും ലഫ്.ഗവര്‍ണര്‍ ഇറക്കിയ ഉത്തരവിലുണ്ട്.

സര്‍ക്കാര്‍ തീരുമാനങ്ങളുമായി ബന്ധപ്പെട്ട 400 ഫയലുകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയുടെ ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ ഇടപെടല്‍. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍.

രാജ്യതലസ്ഥാനമായതിനാല്‍ പൊലീസ് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തന്നെയാണ്.

അടുത്തയിടെ നിരവധി ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിവിധ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

ഇപ്പോഴത്തെ കേന്ദ്രസകര്‍ക്കാരിന്റെ ഇടപെടല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ഡല്‍ഹി ഭരിക്കുന്നത് എന്ന ചോദ്യമുയര്‍ത്തുന്നതാണ്.

ഇങ്ങനെ ഇടപെടാനാണെങ്കില്‍ എന്തിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയതെന്നും, സംസ്ഥാന പദവി നല്‍കിയതെന്നുമാണ് വ്യാപകമായി ഉയരുന്ന ചോദ്യം.

സ്വതന്ത്രമായി ഭരിക്കാന്‍ സമ്മതിക്കാതെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിനെ നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.

കെജ്‌രിവാളാകട്ടെ കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങാതെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനെ കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

ഡല്‍ഹി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണെങ്കിലും ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ വ്യക്തമായ നിലപാടെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ആലോചന.

Top