മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേജരിവാള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാള്‍ എത്തും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും കേജരിവാള്‍ ഇതില്‍ സംബന്ധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ.

മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇന്നും തുടരും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

മന്ത്രിസഭയില്‍ ബി.ജെ.പി.ക്കായിരിക്കും മുന്‍തൂക്കമെങ്കിലും സഖ്യകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ബുധനാഴ്ച വൈകീട്ടോടെ മന്ത്രിമാര്‍ ആരൊക്കെയെന്നതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്ന് ബി.ജെ.പി. നേതാക്കള്‍ സൂചിപ്പിച്ചു. മോദിയും ഷായും ആര്‍.എസ്.എസ്. ദേശീയനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക.

2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് മുഖ്യ അതിഥികളായി എത്തുന്നത് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരാണ്. തായ്ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി എത്തുന്നത്.

Top