അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നിലേക്ക്; പ്രതിഷേധിക്കാന്‍ തയാറെടുത്ത് എഎപി

ദില്ലി: മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നിലെത്തും. കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാള്‍ പോലും താന്‍ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. ചോദ്യം ചെയ്യലിനൊടുവില്‍ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് നിര്‍ണായകമാണ്.

എന്നാല്‍ അറസ്റ്റ് ഉണ്ടായാല്‍ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം. കെജരിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ആരോപണമാണ് എ എ പി പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ അറസ്റ്റ് നടന്നാലും നേതൃത്വത്തില്‍ നിന്ന് അരവിന്ദ് കെജരിവാള്‍ മാറേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. കെജരിവാളിന് പകരം നേതാവ് എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാല്‍ അതിനെതിരായ നിയമവഴികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.

ഇ ഡി കെജ്രിവാളിനെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ പാര്‍ട്ടി ആസ്ഥാനത്തും ദില്ലിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിനാണ് എ എ പി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കം ദില്ലിയിലെ എ എ പി പ്രതിഷേധത്തില്‍ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് തീമുമാനം.

ഇ ഡി നടപടി രാഷ്ട്രീയ വേട്ടെയെന്നാണ് എ എ പി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ പ്രതികരണം. ഇന്ത്യ സഖ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമണിതെന്നും. അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെകൂടി പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും എ എ പി ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരവാദം ഉയര്‍ത്താതെ കെജ്രിവാളും എ എ പിയും നിയമ നടപടികളെ നേരിടണമെന്നാണ് ബി ജെ പിയുടെ വെല്ലുവിളി.

Top