മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ അരവിന്ദ് കെജ്രിവാള്‍,കോള്‍ റെക്കോഡിങ് ഉള്‍പ്പെടെ തെളിവുകള്‍ ഉണ്ട് ഇ.ഡി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ഇ.ഡി. അദ്ദേഹത്തിനെതിരെ കോള്‍ റെക്കോഡിങ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ നിലവില്‍ കേസുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്.

മദ്യനയം രൂപവത്കരിക്കുന്നതില്‍ കെജ്രിവാളിന് നേരിട്ട് പങ്കുണ്ട്. അനുകൂലമായ നയരൂപവത്കരണത്തിന് പ്രതിഫലമായി കെജ്രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപവത്കരിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഗ്രൂപ്പില്‍ നിന്നും ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചു – ഇ.ഡി. വാദിച്ചു.

നയം രൂപവത്കരിക്കുന്നതിനായി ഡല്‍ഹി എക്‌സൈസ് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ഇത് വെറുമൊരു കടലാസ് സമിതിയായി ചുരുങ്ങി. കൂടുതല്‍ പണം നല്‍കിയവര്‍ക്ക് ലൈസന്‍സ് അനുവദിച്ചു എന്നും കോടതിയില്‍ ഇ.ഡി ആരോപിച്ചു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ കെജ്രിവാളിന് രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വിശ്രമമുറിയിലേക്ക് മാറ്റി.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗസംഘം കെജ്രിവാളിന്റെ ഡല്‍ഹിയിലെ ഫ്‌ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയില്‍ എത്തിയത്. ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Top