മൂന്നാം ഊഴം; വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മൂന്നാമതും ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. രാം ലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ച്ചയായി മൂന്നാംതവണയാണ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

2015ലെ മന്ത്രിസഭയിലെ ആറു മന്ത്രിമാരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്.

‘നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ബിജെപിയുടെ എട്ട് എംഎല്‍എമാരടക്കം ചടങ്ങിനെത്തി.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയിലെ യഥാര്‍ത്ഥ പ്രതിനിധികള്‍ സാധാരണ ജനങ്ങളായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശുചീകരണത്തൊഴിലാളികള്‍ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടത്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 70 നിയമസഭാമണ്ഡലത്തില്‍ 62 സീറ്റും പിടിച്ചാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി ഹാട്രിക് വിജയം നേടി വീണ്ടും ഡല്‍ഹി പിടിച്ചത്. ബിജെപിയുടെ സ്വപ്നത്തെ പൂര്‍ണമായും തകര്‍ത്തടിച്ചു കൊണ്ടായിരുന്നു ആപ്പിന്റെ ഈ ഗംഭീര വിജയം. വെറും എട്ട് സീറ്റ് മാത്രമാണ് ബിജെപിയ്ക്ക് പിടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് സീറ്റ് കൂടുതല്‍ നേടാനായി എന്നത് മാത്രമാണ് ബിജെപിയുടെ നേട്ടം.

Top