‘നുറുമേനി’ ലക്ഷ്യമിട്ട് കെജരിവാൾ സംഘം, അട്ടിമറി പ്രതീക്ഷയിൽ നരേന്ദ്ര മോദിയും !

നി അടുത്ത ഊഴം ഡല്‍ഹിയുടേതാണ്. ജാര്‍ഖണ്ഡിലെ തരിച്ചടിക്ക് മധുരമായ ഒരു പ്രതികാരമാണ് ബി.ജെ.പി ഇവിടെ ആഗ്രഹിക്കുന്നത്. 2020തിന്റെ തുടക്കത്തില്‍ നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് സംഭവബഹുലമാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

എന്ത് വില കൊടുത്തും ഡല്‍ഹി പിടിക്കുക എന്ന ബി.ജെ.പി നീക്കത്തിന് മോദി തന്നെയാണ് നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്.

ജാര്‍ഖണ്ഡിലെ പിഴവ് ഡല്‍ഹിയില്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം അമിത് ഷായും പാര്‍ട്ടി ഡല്‍ഹി ഘടകത്തിന് നല്‍കിയിട്ടുണ്ട്.

ഹിന്ദുത്വ വികാരം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നീക്കം. ഇതിനായി ആവനാഴിയിലെ സകല ആയുധങ്ങളും അവര്‍ പുറത്തെടുക്കും.

ഡല്‍ഹിയില്‍ അട്ടിമറി വിജയം നേടിയാല്‍ ഇപ്പോള്‍ ഏറ്റ തിരിച്ചടികള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് കാവി പടയുടെ വിലയിരുത്തല്‍.

മഹാരാഷ്ട്രക്ക് പുറമെ ജാര്‍ഖണ്ഡ് കുടി കൈവിട്ടതോടെ ബി.ജെ.പിയില്‍ ആശങ്കയും വ്യാപകമായിട്ടുണ്ട്.ഒരു വര്‍ഷത്തിനിടെ അവര്‍ക്ക് അധികാരം നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമാണിത്.

നിലവില്‍ ബി.ജെ.പി ഭരിക്കുന്നത് 11 സംസ്ഥാനങ്ങളാണ്. അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, മണിപ്പൂര്‍, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണിവ.

സഖ്യകക്ഷികള്‍ക്കൊപ്പം ബീഹാര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്നുണ്ട്. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ളത് ജമ്മു കശ്മീര്‍ മാത്രമാണ്.

കോണ്‍ഗ്രസ്സ് നിലവില്‍ ഭരിക്കുന്നത് 5 സംസ്ഥാനങ്ങളാണ്.പുതുച്ചേരി, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ചത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളാണിത്. കോണ്‍ഗ്രസ്സിന് സഖ്യ സര്‍ക്കാറുള്ളത് മഹാരാഷ്ട്ര ,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ്.

ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ മറ്റു പ്രാദേശിക പാര്‍ട്ടികള്‍ ആന്ധ്ര, ഒഡീഷ, തെലങ്കാന, ബംഗാള്‍, തമിഴ് നാട് , മിസോറാം, ഡല്‍ഹി സംസ്ഥാനങ്ങളും നിലവില്‍ ഭരിക്കുന്നുണ്ട്.

ജാര്‍ഖണ്ഡില്‍ ചതിച്ചത് പൗരത്വ നിയമ ഭേദഗതിയല്ല, പ്രാദേശിക വികാരമാണെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. പിന്നോക്ക മേഖലകളിലാണ് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.81 അംഗ നിയമസഭയില്‍ ജെ.എം.എം – കോണ്‍ഗ്രസ്സ് – ആര്‍.ജെ.ഡി സഖ്യം 47 സീറ്റാണ് നേടിയിരിക്കുന്നത്. ഒറ്റക്ക് മത്സരിച്ച ബി ജെ.പിക്ക് 25 സീറ്റുകൊണ്ടാണ് തൃപ്തിപ്പെടേണ്ടി വന്നത്.

ജമ്മു കശ്മീര്‍ , മുത്തലാഖ്, തുടങ്ങിയവയ്ക്കൊപ്പം രാമക്ഷേത്രം കൂടിയാവുമ്പോള്‍ വിജയിക്കാമെന്ന കണക്ക് കൂട്ടലാണ് ഇവിടെ പിഴച്ചിരിക്കുന്നത്.

അമിത് ഷാ 10 റാലികളിലും മോദി 9 റാലികളിലുമാണ് ജാര്‍ഖണ്ഡില്‍ പ്രചരണം നടത്തിയിരുന്നത്.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഈ വൈകാരിക വിഷയങ്ങള്‍ക്കപ്പുറം വിശക്കുന്ന വയറായിരുന്നു ജനങ്ങളുടെ പ്രശ്നം. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷത്തിന് എളുപ്പത്തില്‍ കഴിയുകയും ചെയ്തു.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ജാര്‍ഖണ്ഡിലെ വിജയം ഡല്‍ഹിയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഒരിക്കലും നടക്കാത്ത സ്വപ്നമാണെങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് അവര്‍ മുന്നോട്ട് പോകുന്നത്.

ഇതാടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പായതിനാല്‍ അന്താരാഷ്ട്ര ശ്രദ്ധയും ഇനി ഇവിടെയുണ്ടാകും.

കെജരിവാള്‍ മാജിക്ക് ഇത്തവണ 70 ല്‍ 70 സീറ്റാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നത്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരില്‍ ചിലരെ ബി.ജെ.പി പിളര്‍ത്തി ഒപ്പം കൂട്ടിയിരുന്നെങ്കിലും അതൊന്നും ഭരണത്തെ ബാധിച്ചിരുന്നില്ല.

ലഫ്റ്റനന്റ് ഗവര്‍ണ്ണറെ മുന്‍ നിര്‍ത്തി കെജരിവാള്‍ സര്‍ക്കാറിനെ വരിഞ്ഞ് മുറുക്കിയിട്ടും ഡല്‍ഹി തല ഉയര്‍ത്തി തന്നെ നിന്നു.

വെല്ലുവിളികള്‍ക്കിടയിലും പറഞ്ഞ വാക്ക് മുഴുവന്‍ പാലിച്ചാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇതുപോലെ ഒരു നേട്ടവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട മറ്റൊരു സര്‍ക്കാറും രാജ്യത്ത് തന്നെയില്ല.
ആം ആദ്മി പാര്‍ട്ടിയുടെ ഈ നേട്ടം തന്നെയാണ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും മുന്നിലെ പ്രധാന തടസ്സവും.

കെജരിവാളിനെ എതിര്‍ക്കാന്‍ പറ്റിയ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലും ഇരു പാര്‍ട്ടികള്‍ക്കും ഡല്‍ഹിയിലില്ല. ഇതു തന്നെയാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

എന്ത് പറഞ്ഞ് കെജരിവാളിനെതിരെ വോട്ട് തേടും എന്നതും കുഴക്കുന്ന ചോദ്യമാണ്.

മറ്റൊരു സംസ്ഥാനത്തും നേരിടാത്ത പ്രതിസന്ധിയാണ് ഡല്‍ഹിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും നേരിടുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ തൂത്ത് വാരിയ പോലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നടക്കില്ലന്ന് ബി.ജെ.പിക്ക് തന്നെ നന്നായിട്ടറിയാം. എങ്കിലും ഒരു ശ്രമമെന്ന നിലയില്‍ സര്‍വ്വശക്തിയും ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയിലൂടെ മോദി തന്നെയാണ് പ്രചരണത്തിന് തുടക്കമിട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിനു വേണ്ടി സോണിയയും രാഹുലും പ്രിയങ്കയും സംയുക്തമായാണ് രംഗത്തിറങ്ങുന്നത്.

ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സകല പ്രതീക്ഷയും കെജരിവാളില്‍ തന്നെയാണുള്ളത്. ഏത് വെല്ലുവിളികളെയും നേരിടാന്‍ ഈ കരുത്ത് മാത്രം മതി തങ്ങള്‍ക്കെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നത്.

Political Reporter

Top