കൊവിഡിനെ തുരത്താന്‍ അഞ്ചിന കര്‍മ്മപദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 500 കടന്ന സാഹചര്യത്തില്‍ കൊവിഡിനെ തുരത്താന്‍ അഞ്ചിന കര്‍മ്മപദ്ധതിയുമായി സര്‍ക്കാര്‍. ടെസ്റ്റിംഗ്, ട്രെയ്സിംഗ്, ട്രീറ്റ്‌മെന്റ്, ടീം വര്‍ക്ക്, ട്രാക്കിംഗ്, മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് കര്‍മ്മപദ്ധതി.

വെള്ളിയാഴ്ച മുതല്‍ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഒരു ലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍ തുടങ്ങിയ നഗരത്തിലെ ഹോട്ട് സ്‌പോട്ടുകളിലാണു പ്രധാനമായും പരിശോധന നടത്തുക.

സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ 3000 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി പ്രകാരം 50 വയസ്സിന് മുകളിലുള്ളവരും പ്രമേഹം പോലുള്ള അസുഖങ്ങളും ള്ളവരെയും ആശുപത്രികളില്‍ പാര്‍പ്പിക്കും. 50 വയസ്സിന് താഴെയുള്ളവരെയും മറ്റ് രോഗങ്ങളും ചെറിയ ലക്ഷണങ്ങളും ഉള്ളവരെയും ഹോട്ടലുകള്‍, ധര്‍മ്മശാലകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ താമസിപ്പിക്കുമെന്നും അവിടെയും പൂര്‍ണ വൈദ്യസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളുടെ എണ്ണം 30,000 കടന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ധാരണയായിട്ടുണ്ട്. വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന ഹാളുകളെയും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് നാരായണ്‍ ജയ് പ്രകാശ് ആശുപത്രികള്‍, ജിബി പന്ത് ആശുപത്രി, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ നാല് ആശുപത്രികള്‍ കോവിഡ് -19 ചികിത്സയ്ക്കായി സമര്‍പ്പിത ആശുപത്രികളായി പ്രഖ്യാപിച്ചു കഴിഞ്ഞവെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നല്ല മാതൃകകളും നടപ്പാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ് രോഗ പ്രതിരോധം നടക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഏറെ അധ്വാനിക്കുന്നുണ്ട്. അവരുടെ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് രോഗത്തിന്റെ വ്യാപനം, അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. നഴ്‌സുമാര്‍ക്കും മറ്റുമുള്ള സ്വയം സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) 27,000 എണ്ണം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഇത് ഇന്നു ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top