Arvind Kejriwal Says He’s A ‘Bigger’ Patriot Than PM Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ് താനെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കൂടാതെ ജെ.എന്‍.യു കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ അസ്വസ്ഥയാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

‘എനിക്കെതിരെ രാജ്യദ്രോഹമാണ് ചുമത്തിയിരിക്കുന്നത്. ഞാന്‍ ദലിതര്‍ക്ക്, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്, പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു. അതിനാലാണ് ഞാന്‍ അവര്‍ക്ക് (ബിജെപി) രാജ്യദ്രോഹിയായത്. എന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഇനിയും അവര്‍ക്കായി പോരാടും’ കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ജെഎന്‍യു ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ് എന്നാണ് കേജ്‌രിവാളിന്റെ ആരോപണം. ‘ഞാന്‍ മോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ്. എന്തുകൊണ്ടാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. കാരണം അത്തരം മുദ്രാവാക്യം വിളിച്ചത് കശ്മീരില്‍ നിന്നുള്ളവരാണ്. അവരെ അറസ്റ്റ് ചെയ്താല്‍ മെഹബൂബ മുഫ്തി ക്ഷുഭിതയാകും’ കേജ്‌രിവാള്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ നമ്മുടെ ജവാന്മാര്‍ രാജ്യത്തിനായി മരിച്ചുവീഴുമ്പോള്‍ മോദി ദേശവിരുദ്ധ ഘടകങ്ങളെ സംരക്ഷിച്ചുകൊണ്ട് കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ ഇന്നലെയാണ് ഹൈദരാബാദ് പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്. അഭിഭാഷകനായ ജനാര്‍ദ്ദന്‍ ഗൗഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്.

Top