പാർട്ടിയിൽ ചേരാൻ ബിജെപി ആവശ്യപ്പെട്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

Arvind Kejriwal

പാർട്ടിയിൽ ചേരാൻ ബിജെപി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. എംഎൽഎമാരെ പണം നൽകി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പുതിയ പ്രതികരണം. ഡൽഹി രോഹിണിയിലെ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് കെജ്‌രിവാളിന്റെ പരാമർശം.

‘അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഒന്നും സംഭവിക്കില്ല. ഞാൻ അവരുടെ മുന്നിൽ തലകുനിക്കാൻ പോകുന്നില്ല. ബിജെപിയിലേക്ക് വരൂ, ഞങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നാണ് അവർ പറയുന്നത്. ഞാൻ അവരോടൊപ്പം ചേരില്ല. അവർ ഞങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്തത്?. ഞങ്ങൾ സ്കൂളുകളും ആശുപത്രികളും ക്ലിനിക്കുകളും റോഡുകളും പോലുളള വികസനങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിൽ എന്ത് തെറ്റാണുളളത്,’ കെജ്‌രിവാൾ പറഞ്ഞു.

എംഎൽഎമാരെ ബിജെപി വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ മൂന്ന് ദിവസത്തിനുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കെജ്‌രിവാളിനും ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലീനയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുളള ടിക്കറ്റും 25 കോടി രൂപയും വാ​ഗ്ദാനം ചെയ്ത് പാർട്ടി എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെയും അതിഷിയുടേയും ആരോപണം.

Top