‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്ര നീക്കത്തിനെതിരെ എതിർപ്പ് ആവർത്തിച്ച് അരവിന്ദ് കെജ്രിവാൾ

ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ആവർത്തിച്ച് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. തുല്യ വിദ്യാഭ്യാസം, തുല്യ ആരോഗ്യ സംരക്ഷണം എന്നിവയാണ് നടപ്പിലാക്കേണ്ടതെന്ന തന്റെ നിർദേശം കെജ്രിവാൾ ആവർത്തിച്ചു. ബിജെപിയെ കുറ്റപ്പെടുത്തിയ കെജ്രിവാൾ ഓരോ മൂന്നാം മാസവും തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം നടപ്പിലാക്കിയാൽ അഞ്ച് വർഷത്തേക്ക് ബിജെപിയെ പിന്നെ കാണാൻ കിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മൂന്ന് മാസത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കിൽ, ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലാക്കിയാൽ ബിജെപിയെ അഞ്ച് വർഷത്തേക്ക് കാണാൻ കിട്ടില്ലെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രി ജയ്പൂരിൽ പറഞ്ഞത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശത്തിന് പിന്നിലെ യുക്തി ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതിൽ നിന്ന് ഒരു സാധാരണക്കാരന് എന്താണ് ലഭിക്കുക. നൂറോ ആയിരമോ തെരഞ്ഞെടുപ്പുകൾ നടത്തിയാലും നമുക്ക് എന്ത് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

‘നമ്മുടെ രാജ്യത്തിന് എന്താണ് പ്രധാനം?. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണോ, അതല്ലെങ്കിൽ ഒരു രാഷ്ട്രം ഒരു വിദ്യാഭ്യാസം ഒരു രാജ്യം ഒരു ചികിത്സ എന്നതാണോ?. സമ്പന്നനോ ദരിദ്രനോ, എല്ലാവർക്കും തുല്യ പരിഗണന ലഭിക്കുന്ന ചികിത്സ ഉറപ്പാക്കാം, സമ്പന്നനോ ദരിദ്രനോ എല്ലാവർക്കും തുല്യമായ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാം, ഇതല്ലാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ നിന്ന് സാധാരണക്കാർക്ക് എന്ത് ലഭിക്കും എന്നായിരുന്നു അദ്ദേഹം നേരത്തെ ട്വിറ്ററിൽ (എക്സ്) കുറിച്ചത്.

Top