വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമയേം അവതരിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമയേം അവതരിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍. പ്രമേയത്തിന്മേലുള്ള ചര്‍ച്ച നാളെ നടക്കും. മദ്യനയത്തിലെ അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി കെജ്രിവാളിന് ആറാം തവണ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭയിലെ നീക്കം. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്.

അറസ്റ്റിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ശക്തിപ്രകടനത്തിനാണ് കെജ്രിവാളിന്റെ നീക്കമെന്നാണ് സൂചന. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എഎപി എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഉടന്‍ അറസ്റ്റിലാകുമെന്ന് പറഞ്ഞാണ് സമീപിച്ചതെന്ന് എഎപി എംഎല്‍എമാര്‍ തന്നോട് പറഞ്ഞതായി കെജ് രിവാള്‍ അറിയിച്ചു.

’21 എഎപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എമാരോട് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ സ്വീകരിച്ചില്ല. ഏഴുപേരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. അവര്‍ മറ്റൊരു ഓപ്പറേഷന്‍ താമര നടത്താന്‍ ശ്രമിക്കുകയാണ്’ കെജ്രിവാള്‍ ആരോപിച്ചു.

ആരോപിക്കപ്പെടുന്ന മദ്യനയ കുംഭകോണം ഒരു അഴിമതിയല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കള്ളക്കേസുകള്‍ ചുമത്തി തന്റെ പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ‘അന്വേഷണം നടത്തുക എന്നതല്ല അവരുടെ ലക്ഷ്യം. മദ്യനയത്തിന്റെ മറവില്‍ ഞങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുക. അവര്‍ ഇതിനകം ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ലക്ഷ്യം സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്, കാരണം അവര്‍ക്ക് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിലൂടെ വിജയിക്കാന്‍ കഴിയില്ല’എഎപി കണ്‍വീനര്‍ പറഞ്ഞു.

Top