അവസാന പോളിംഗ് ശതമാനം പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മണിക്കൂറുകള്‍ക്കു ശേഷവും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തതെന്തെന്ന് ചോദിച്ചാണ് കെജരിവാള്‍ ട്വീറ്റ് ചെയ്തത്.

സാധാരണ പോളിംഗ് ദിവസം വൈകുന്നേരം തന്നെ അവസാനവട്ട പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറുകള്‍ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനവട്ട പോളിംഗ് ശതമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വോട്ടിംഗ് പൂര്‍ത്തിയായി നാല് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി 10.17 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷിഫാലി ശരണ്‍ ആപ്ലിക്കേഷന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമിട്ട ട്വീറ്റില്‍ അവസാനവട്ട പോളിംഗ് ശതമാനം 61.43 ശതമാനമാണെന്ന് പറയുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഇതുവരെ അവസാനവട്ട പോളിംഗ് ശതമാനം പുറത്തുവിട്ടതുമില്ല. ശനിയാഴ്ച രാവിലെ ഒന്‍പതിന് ആദ്യകണക്കുകള്‍ പുറത്തുവരുമ്പോള്‍ 4.33 ശതമാനം വോട്ട് മാത്രമായിരുന്നു പോള്‍ ചെയ്തത്. പതിനൊന്നോടെ ഇത് 16.36 ശതമാനമായി. ഉച്ചയ്ക്ക് ഒന്നിന് ആകെ വോട്ടര്‍മാരില്‍ 26.36 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പിന്നീടാണ് പോളിംഗില്‍ കുതിച്ചു ചാട്ടമുണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളും ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഓരോ രണ്ട് മണിക്കൂറിലും പുറത്തിറക്കിയ കണക്കുകളും തമ്മിലുള്ള വ്യത്യാസം ശനിയാഴ്ച തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് എഎപി നേതാവ് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് ആരോപിക്കുന്നു. അസാധാരണമായതെന്തോ നടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top