സത്യപ്രതിജ്ഞ; അധ്യാപകരെ ക്ഷണിച്ചതല്ല, വിളിച്ചുവരുത്തുന്നത്; ബിജെപി-ആപ്പ് പോര്‍

രാംലീല മൈതാനത്ത് താന്‍ മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് കാണാന്‍ ഡല്‍ഹി പബ്ലിക് സ്‌കൂളുകളിലെ അധ്യാപകരെയും, മേധാവികളെയും കെജ്രിവാള്‍ ക്ഷണിച്ചതോ, വിളിച്ചുവരുത്തിയതോ? ഈ ചോദ്യത്തിന്റെ പേരില്‍ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്.

അധ്യാപകര്‍ സത്യപ്രതിജ്ഞയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായാണ് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വിജേന്ദര്‍ ഗുപ്തയുടെ ആരോപണം. സര്‍ക്കാര്‍ ജീവനക്കാരെ ക്ഷണിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ സ്വേച്ഛാധിപത്യപരവും, ജനാധിപത്യവിരുദ്ധവുമാണെന്ന് ആരോപിച്ചാണ് ഗുപ്ത ഉത്തരവിന്റെ പകര്‍പ്പ് പങ്കുവെച്ചത്. സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിന് എതിരെ നടപടി വേണമെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് ഗുപ്ത ആവശ്യപ്പെടുന്നത്.

ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശക സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ തള്ളി. ‘കഴിഞ്ഞ അഞ്ച് വര്‍ഷം ഡല്‍ഹിയുടെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ശില്‍പ്പികളാണ് ഡല്‍ഹിയിലെ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും. അവരെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിക്കേണ്ടത് തന്നെയാണ്’, ഷാ പറഞ്ഞു.

എന്നാല്‍ വേദിയ്ക്ക് സമീപമുള്ള എന്‍ട്രി ഗേറ്റുകളില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന അധ്യാപകരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ അധ്യാപകരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ആര്‍ക്കെങ്കിലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ കാര്യമാക്കില്ലെന്നാണ് ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ പ്രതികരണം.

Top