ഒന്നിച്ച് പ്രവര്‍ത്തിക്കാം; കെജ്രിവാള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഇരുപത് മിനുട്ടോളം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു നിന്നു.

സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ 16നാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയെ തറപറ്റിച്ച് 70ല്‍ 62 സീറ്റു നേടിയാണ് കെജ്രിവാളിന്റെ ആംആദ്മി ഡല്‍ഹി പിടിച്ചത്. വെറും 8 സീറ്റ് മാത്രം നേടി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലീഡ് നില ഉയര്‍ത്താനെ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.

കഴിഞ്ഞ മന്ത്രിസഭയില്‍ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴില്‍, നഗര വികസനം എന്നിവയ്‌ക്കൊപ്പം സത്യേന്ദ്ര കുമാര്‍ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക.

Top