കെജ്രിവാള്‍ മുഖ്യകാപട്യക്കാരന്‍; രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യകാപട്യക്കാരനാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഷഹീന്‍ബാഗിലെ പൗരത്വ പ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ് നടത്തിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന ഡല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്.

ആശ്ചര്യപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് ഇത്. അണ്ണാ ഹസാരെയോട് നുണ പറഞ്ഞു, പിന്നെ സുഹൃത്തുക്കളോട് കള്ളം പറഞ്ഞു, സര്‍ക്കാരുകളോട് കള്ളം പറഞ്ഞു. ഇപ്പോഴിതാ ഡല്‍ഹിയിലെ ആയിരക്കണക്കിന് ജനങ്ങളോടും കള്ളം പറഞ്ഞു. ഇത് മുഖ്യമന്ത്രിയാണോ മുഖ്യ കാപട്യക്കാരനോ’- ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് പിടിയിലായ ആള്‍ സമ്മതിച്ചെങ്കിലും ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു.

Top