ഗാര്‍ഗി കോളേജ് അതിക്രമത്തെ അപലപിച്ച് കെജ്രിവാള്‍; കടുത്ത ശിക്ഷയെന്ന് ഉറപ്പും

ഗാര്‍ഗി കോളേജില്‍ പുറമെ നിന്നുള്ള ആളുകള്‍ കടന്നുകയറി വനിതാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിച്ച സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ആഴ്ച നടന്ന ഫെസ്റ്റിനിടെ യായിരുന്നു അതിക്രമം.

‘ഗാര്‍ഗി കോളേജിലെ നമ്മുടെ പെണ്‍മക്കള്‍ക്ക് നേരെ നടന്ന മോശം പെരുമാറ്റം ദുഃഖകരവും, നിരാശാജനകവുമാണ്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. കുറ്റവാളികളെ പിടികൂടി ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കണം. നമ്മുടെ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം’, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കോളേജിലെ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നടക്കുന്നതിടെയാണ് കഴിഞ്ഞ ആഴ്ച അജ്ഞാതരായ സംഘം ഗേറ്റ് തുറന്ന് പെണ്‍കുട്ടികളെ അക്രമിച്ചത്. സംഭവത്തില്‍ അതിക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. ഗേറ്റിന് പുറത്ത് നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.

വിഷയം അറിയിച്ചെങ്കിലും കോളേജ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും, ഡല്‍ഹി പോലീസും സ്ഥലത്തുണ്ടായിട്ടും ഇവരും പ്രശ്‌നം തടയാന്‍ ഇടപെട്ടില്ല.

അതേസമയം കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Top