വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആപ്പ്; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ തടസമില്ലാത്ത വൈദ്യുതി വിതരണം, മാലിന്യ രഹിത ഡല്‍ഹി, അനധികൃത കോളനികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയെപ്പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

ഇവ കൂടാതെ കുടിവെള്ള വിതരണം, ഓരോ കുട്ടിക്കും വിദ്യാഭ്യാസം, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യ ബസ് യാത്രാ പദ്ധതി, ആരോഗ്യ സൗകര്യങ്ങള്‍, സ്ത്രീകളുടെ സുരക്ഷ, യമുന നദി വൃത്തിയാക്കല്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സത്യപ്രതിജ്ഞക്കു ശേഷമുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കെജ്രിവാളിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സെക്രട്ടറിമാരോടും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ യോഗവും ബുധനാഴ്ച നടക്കും.

Top