മമത ബാനര്‍ജിയെ അഭിനന്ദനമറിയിച്ച് അരവിന്ദ് കെജ്‌രിവാളും ശരത് പവാറും

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മിന്നുന്ന വിജയം നേടിയ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും അഭിനന്ദിച്ച് ശരത് പവാറും അരവിന്ദ് കെജ്‌രിവാളും. ‘തകര്‍പ്പന്‍ വിജയം നേടിയതില്‍ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു. പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.’ എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് മേധാവിയായ ശരദ് പവാറും മമത ബാനര്‍ജിക്ക് അഭിനന്ദനമറിയിച്ചു. ‘നിങ്ങളുടെ മഹത്തായ വിജയത്തിന് അഭിനന്ദനമറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും മഹാമാരിയെ നേരിടുന്നതിനുമുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം.’ ശരത് പവാര്‍ ട്വീറ്റില്‍ കുറിച്ചു.

ബംഗാളില്‍ മികച്ച പ്രകടനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരിക്ക് പിന്നിലായെങ്കിലും അവസാന മണിക്കൂറില്‍ മമത ലീഡ് തിരികെപിടിച്ചു. ബി.ജെ.പി 84 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഇടതിന് ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഒറ്റ സീറ്റിലാണ് ഇടത് മുന്നിട്ടുനില്‍ക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. അതില്‍ 204 ഇടത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്.

 

Top