ബി.ജെ.പി ചരിത്ര വിജയത്തിനു പിന്നിൽ അരവിന്ദ് കെജരിവാളും ഒവൈസിയും

ഗുജറാത്തിൽ ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്നത് ഒരു തരംഗം തന്നെയാണ്. ആകെയുള്ള 182 സീറ്റിൽ 158 സീറ്റുകൾ നേടിയാണ് ബി.ജെ.പി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഭരണ വിരുദ്ധ വികാരത്തിനും മീതെ ഇത്തരം ഒരു വിജയം ബി.ജെ.പിക്ക് സാധ്യമായതിൽ ആം ആദ്മി പാർട്ടിയും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതു കൊണ്ടാണ് കോൺഗ്രസ്സ് തകർന്ന് തരിപ്പണമായിരിക്കുന്നത്. ആം ആദ്മി പാർട്ടിക്കു വേണ്ടി ഗുജറാത്തിലെ പോലെ അരവിന്ദ് കെജരിവാൾ ഹിമാചൽ പ്രദേശ് കേന്ദ്രീകരിച്ചും പ്രചരണം നയിച്ചിരുന്നു എങ്കിൽ അവിടെയും ബി.ജെ.പിക്കായിരുന്നു ഗുണം ചെയ്യുമായിരുന്നത്. ഹിമാചലിൽ കുറച്ചു സീറ്റിൽ മത്സരിച്ചെങ്കിലും അവിടെ ‘കാടിളക്കിയ’ പ്രചരണമൊന്നും എ.എ.പി നടത്തിയിരുന്നില്ല. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് മുന്നേറ്റം കെജരിവാൾ നൽകിയ ഔദാര്യമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയൊള്ളൂ.

ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടിയാണ് കോൺഗ്രസ്സ് അധികാരത്തിൽ എത്തുന്നത്. 1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ്. 27 സീറ്റുകളാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. എം.എൽ.എമാർ കൂറുമാറിയില്ലങ്കിൽ മാത്രമേ ഹിമാചലിൽ കോൺഗ്രസ്സിന് സർക്കാർ ഉണ്ടാക്കാൻ സാധിക്കുകയൊള്ളൂ. സമീപകാല ചരിത്രം പരിശോധിച്ചാൽ ഇനി കോൺഗ്രസ്സ് സർക്കാർ ഉണ്ടാക്കിയാൽ തന്നെ അത് എത്ര നാൾ എന്ന ചോദ്യവും പ്രസക്തമാണ്. അതായത് ഹിമാചലിലെ വിജയം കണ്ട് കോൺഗ്രസ്സ് വല്ലാതെ അഹങ്കരിക്കേണ്ടതില്ല എന്നത് വ്യക്തം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ഏത് വെല്പുവിളികളെയും അഭിമുഖീകരിക്കാൻ ഇന്ന് രണ്ട് വ്യക്തികളുടെ സാന്നിധ്യം മാത്രം മതിയാകും. അതാകട്ടെ മറ്റാരുമല്ല. എ.എ.പി നേതാവ് അരവിന്ദ് കെജരിവാളും എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയുമാണ്.

ഇവരുടെ ബി.ജെ.പി വിരുദ്ധ പ്രചരണമാണ് ഗുജറാത്തിൽ ബി.ജെ.പിക്ക് ഗുണം ചെയ്തിരിക്കുന്നത്. ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതിൽ അസദുദീൻ ഒവൈസിയുടെ പാർട്ടി വലിയ പങ്കാണ് വഹിച്ചിരുന്നത്. പ്രതിപക്ഷ സഖ്യത്തിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകളാണ് ഒവൈസി ഭിന്നിപ്പിച്ചിരുന്നത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതും ഇതൊക്കെ തന്നെയാണ്. യു പിയിലും ഒവൈസിയുടെ നാവാണ് ബി.ജെ.പിക്ക് ഗുണമായത്. ഈ സംസ്ഥാനങ്ങളിലെ പോലെ ഭൂരിപക്ഷ വോട്ടുകൾ കേന്ദീകരിക്കപ്പെട്ടതാണ് ഗുജറാത്തിലും ഇത്ര വലിയ വിജയം നേടാൻ ബി.ജെ.പിയെ സഹായിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി കോൺഗ്രസ്സ് വോട്ട് ബാങ്ക് തകർക്കുക കൂടി ചെയ്തതോടെ സമ്പൂർണ്ണ വിജയമാണ് കാവിപ്പടക്ക് ഉണ്ടായിരിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങളിലും ഇതേ തന്ത്രം തന്നെയാണ് ബി.ജെ.പി പയറ്റുക. ജനകീയ വിഷയങ്ങളിൽ നിന്നും മാറി മതവും ജാതിയും പണവുവും ഒക്കെയാണ് ഇപ്പോഴും തിരഞ്ഞെടുപ്പുകളിൽ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്. ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ മൂന്നാം ഊഴം എന്ന സ്വപ്നം മോദിയെ സംബന്ധിച്ച് കൈ എത്തും ദൂരത്ത് തന്നെയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രം ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് തുറന്നു കൊടുക്കാൻ ശ്രമിക്കുന്നതിനു പിന്നിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ വ്യക്തമാണ്.

മൂന്നാംതവണ കൂടി ബി.ജെ.പി അധികാരത്തിൽ വന്നാൽ പ്രതിപക്ഷ പാർട്ടികളുടെ നിലനിൽപ്പു തന്നെയാണ് അപകടത്തിലാവാൻ പോകുന്നത്. ഫെഡറൽ സംവിധാനത്തിനു പോലും ‘പരിമിതികൾ’ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ‘വരിഞ്ഞു മുറുക്കപ്പെടും’ എന്നാണ് പ്രതിപക്ഷ പാർട്ടികളും ഭയക്കുന്നത്. ഒരു ഏകാധിപത്യ ശൈലിയിലേക്ക് രാജ്യം പോകുമെന്ന ഭയമുണ്ടെങ്കിലും ഇപ്പോഴും പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമല്ല. കെജരിവാളിനെയും ഒവൈസിയെയും സംശയിക്കേണ്ടത് ഇവിടെയാണ്. ഇവർ രണ്ടു പേരും അറിഞ്ഞായാലും അറിയാതെ ആയാലും സഹായിക്കുന്നത് ബിജെപിയെയാണ്. അതെന്തായാലും . . . പറയാതെ വയ്യ. . .

EXPRESS KERALA VIEW

Top