Arvind Kejriwal Alleges Tampering Of EVMs In Punjab Assembly Elections

ന്യൂഡല്‍ഹി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.

എഎപിയുടെ 25 ശതമാനത്തോളം വോട്ടുകള്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് കെജ് രിവാളിന്റെ ആരോപണം. അത്രയും വോട്ടുകള്‍ ബിജെപി സഖ്യത്തിന് ലഭിച്ചതു കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചത്. അത് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതു കൊണ്ടാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ചില മേഖലകളില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ അവിടെയുള്ള പാര്‍ട്ടി വോളണ്ടിയര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവായിരുന്നു.

ഉദാഹരണമായി ഗോവിന്ദ് പുരിലെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഗോവിന്ദ്പുരില്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഒരു വോട്ട് മാത്രമാണ്. പാര്‍ട്ടിയുടെ ശക്തരായ അഞ്ച് വോളണ്ടിയര്‍മാര്‍ അവിടെയുണ്ട്. അവരുടെ വോട്ട് പോലും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വന്നിട്ടില്ല. ആ വോട്ടുകള്‍ എവിടെപ്പോയെന്നും കെജ്രിവാള്‍ ചോദിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന് താന്‍ പറഞ്ഞതല്ല, സുപ്രീംകോടതി നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എനിക്കറിയാം നിങ്ങള്‍ എന്നെ പരിഹസിക്കും. സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഇട്ട് പരിഹസിക്കും. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണ്.

കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

Top