‘വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാം’; വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാൾ വിമർശിച്ചു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാമെന്നും കെജരിവാൾ പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ സംബന്ധിച്ച് ജനങ്ങളിൽ വിധി നിരവധി സംശയങ്ങളുണ്ടാക്കുന്നു. ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്‌രിവാൾ, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേർത്തു.

മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിവരങ്ങൾ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷൻറെ ഉത്തരവ് കോടതി റദ്ദാക്കി. കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.

2016 ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്. ഗുജറാത്ത് സർവകലാശാലയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. എന്നാൽ സർവകലാശാലയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്ന് കാട്ടി ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ്.

ബിരുദം സംബന്ധിച്ച വിശദശാംശങ്ങൾ കൈമാറണമെന്ന് നിർബന്ധിക്കാൻ വിവരാവകാശ കമ്മീഷന് ആവില്ല, വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും സർവകലാശാല വാദിച്ചു. ഈ വാദം ശരിവെച്ചാണ് വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ഉത്തരവിറക്കിയത്. കൂടാതെ അപേക്ഷകനായ ദില്ലി മുഖ്യമന്ത്രിക്ക് 25000 രൂപയും പിഴയിട്ടു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് അറിയാൻ രാജ്യത്തിന് അവകാശമില്ലേ എന്ന് വിധിയോട് കെജരിവാൾ പ്രതികരിച്ചു. നിരക്ഷരനോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണെന്നും കെജരിവാൾ പറഞ്ഞു

Top