ആം ആദ്മി പാർട്ടിക്ക് സി.പി.എം പിന്തുണ, തീരുമാനം കേന്ദ്ര കമ്മറ്റിയെടുക്കുമെന്ന് !

ല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ സി.പി.എം പിന്തുണയ്ക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന വിവരം. സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് മികച്ച സന്ദേശമാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയെന്നാണ് പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍പ് ഡല്‍ഹി കേരള ഹൗസിലെത്തി അരവിന്ദ് കെജരിവാള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ പരസ്പരം പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്.

എന്തിനേറെ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ വരെ കെജരിവാള്‍ സസ്‌പെന്റ് ചെയ്യുകയുണ്ടായി.

പിണറായി വിജയന്റെ നിശിത വിമര്‍ശകനായ നീലകണ്ഠന്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചതാണ് അദ്ദേഹത്തിന്റെ കസേര തെറിക്കാന്‍ ഇടയാക്കിയിരുന്നത്. പകരം പി.ടി തുഫൈലിനായിരുന്നു നിയമനം.

കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുക എന്ന നയമാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ തുടര്‍ന്ന് പോരുന്നത്.ഈ നിലപാട് മാറ്റേണ്ട സാഹചര്യമില്ലന്നാണ് കെജരിവാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ വീണ്ടും പിന്തുണ നല്‍കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതും ഈ നിലപാട് തന്നെയാണ്.

ദേശീയ തലത്തില്‍ മോദി വിരുദ്ധ ചേരിക്കാണ് പിണറായിയും കെജരിവാളും നേതൃത്വം നല്‍കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഈ പട്ടികയിലുണ്ടെങ്കിലും അവരുടെ എടുത്ത് ചാട്ടം പലപ്പോഴും തിരിച്ചടിയാണുണ്ടാക്കുന്നത്. ബി.ജെ.പിക്ക് ബംഗാളില്‍ വളരാന്‍ സാഹചര്യമുണ്ടാക്കിയത് തന്നെ മമതയുടെ പ്രകോപനമാണെന്നാണ് സി.പി.എം വിലയിരുത്തുന്നത്. മമതയുമായി ഒരുമിച്ചൊരു മുന്നേറ്റത്തിനില്ല എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സി.പി.എം.

2020ല്‍ ആദ്യം നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് ഇനി ഏറെ നിര്‍ണ്ണായകമാണ്.

രാജ്യ തലസ്ഥാനത്തെ വിധി എഴുത്തായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അത് വലിയ വാര്‍ത്തയാകും. മോദിയുടെ മൂക്കിന് താഴെ വീണ്ടും ഒരിക്കല്‍ കൂടി കെജരിവാള്‍ എന്നത് ഓര്‍ക്കാന്‍ പോലും ബി.ജെ.പി ഇഷ്ടപ്പെടുന്നില്ല.

മോദിയും അമിത് ഷായും നേരിട്ടാണ് ഡല്‍ഹിയിലിപ്പോള്‍ ഇടപെടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കളത്തിലിറക്കുന്നുണ്ട്. അതേ സമയം ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് പിടിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

ഒരു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണം കൂടിയാണ് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാറിനെ ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണ്ടുപഠിക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജരിവാള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞ് മുറുക്കിയിട്ടും മാറ്റം ഡല്‍ഹിക്ക് സാധ്യമാക്കിയത് കെജരിവാളിന്റെ ചങ്കുറപ്പ് ഒന്നു കൊണ്ട് മാത്രമാണ്. പാര്‍ട്ടി എം.എല്‍.എമാരെ അടക്കം ബി.ജെ.പി അടര്‍ത്തിമാറ്റിയിട്ടും കുലുങ്ങാതെയായിരുന്നു കെജരിവാള്‍ മാജിക്ക്.

ഏറ്റവും ഒടുവിലായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ബസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സര്‍ക്കാര്‍ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും.ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡല്‍ഹി സര്‍ക്കാറാണ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പിന്നീട് പണം നല്‍കുക.

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാര്‍ഷലുകളെയും കെജരിവാള്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജരിവാള്‍ സര്‍ക്കാര്‍ കയ്യടി നേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കിയ രാജ്യത്തെ ഏക സര്‍ക്കാര്‍ കൂടിയാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ പ്രശാന്ത് കിഷോറിനെയാണ് കെജരിവാള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിയാണ് കെജരിവാള്‍ അധികാരമേറ്റിരുന്നത്. ഈ വിജയത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് 2020ലും ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനു വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയ വിജയമാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഈ തന്ത്രം മൂലം ആന്ധ്രയില്‍ നേടാന്‍ കഴിഞ്ഞിരുന്നത്.

ഡല്‍ഹിയില്‍ കെജരിവാള്‍ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ മുന്‍ നിര്‍ത്തിയുള്ള പ്രചരണമാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം കെജരിവാളുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ കെജരിവാള്‍ എന്ന ബ്രാന്‍ഡിനെയും പരമാവധി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

കെജരിവാളിനെ പോലെ പോപ്പുലറും ജനപ്രിയനുമായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ എതിരാളികള്‍ക്കും കഴിയുന്നില്ല. ഇത് തന്റെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നുണ്ടെന്നാണ് പ്രശാന്ത് കിഷോര്‍ ചൂണ്ടികാട്ടുന്നത്.

അടുത്തയിടെ പുറത്ത് വന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ അഞ്ചില്‍ നാലു പേരുടെയും പിന്തുണ ലഭിച്ചത് കെജരിവാള്‍ സര്‍ക്കാറിനാണ്. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വേയിലാണ് ഈ നേട്ടം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കെജരിവാള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും തൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെറും നാല് ശതമാനം മാത്രമാണ് കെജരിവാളിന്റെ പ്രവര്‍ത്തനം മോശമെന്ന് പറഞ്ഞിരിക്കുന്നത്.

മോദിയാണോ കെജരിവാളാണോ മികച്ചതെന്ന ചോദ്യത്തിന് 42 ശതമാനവും പിന്തുണച്ചത് കെജരിവാളിനെയാണ്. 32 ശതമാനം മാത്രമാണ് മോദിയെ പിന്തുണച്ചിരുന്നത്. ഈ സര്‍വേ ഫലത്തില്‍ ഞെട്ടിയിരിക്കുന്നത് ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസ്സും കൂടിയാണ്. ഒറ്റയടിക്ക് ഒറ്റക്ക് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ്സ് വിലയിരുത്തല്‍. ഇതോടെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് നേതാക്കള്‍ക്കുള്ളത്.

കര്‍ണ്ണാടകയിലെ തിരിച്ചടി വലിയ പ്രഹരമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്റ്റിന് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് മറ്റൊരു പ്രഹരം സോണിയയും രാഹുല്‍ ഗാന്ധിയും ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല. എങ്ങനെയെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയുമോ എന്നതാണിപ്പോള്‍ ഹൈക്കമാന്റ് കിണഞ്ഞ് ശ്രമിക്കുന്നത്.

Staff Reporter

Top