ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിട്ട വിധിക്കെതിരെ ഹേംരാജിന്റെ ഭാര്യ

ന്യൂഡല്‍ഹി: ആരുഷി-ഹേമരാജ് ഇരട്ട കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഹേമരാജിന്റെ ഭാര്യ ഖുംകല സുപ്രീം കോടതിയിലേക്ക്.

കഴിഞ്ഞ ഒക്ടോബറിലാണ് ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നുപൂര്‍ തല്‍വാറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

2008ലാണ് പതിമൂന്നുകാരിയായ ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേമരാജിനെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആരുഷിയും ഹേമരാജും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ച് രാജേഷും നുപൂറും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ തങ്ങളല്ലെന്നായിരുന്നു രാജേഷിന്റെയും നുപുറിന്റെയും വാദം.

2013ല്‍ സി.ബി.ഐ വിചാരണ കോടതി രാജേഷിനും നുപൂറിനും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഇവര്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് തെളിവുകളുടെ അഭാവത്തില്‍ ഇവരെ കോടതി കുറ്റവിമുക്തരാക്കിയത്.

Top