രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറു കഷ്ണങ്ങളാക്കി തകര്‍ക്കാന്‍ കഴിയും. എന്നാല്‍ ആത്യന്തികമായി ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫാഷിസത്തെ ഇന്ത്യന്‍ ജനത ചെറുത്തുനില്‍ക്കുമെന്ന് അരുന്ധതി റോയ് ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കും അരാജകത്വത്തിനും അപസ്വരത്തിനുമിടയില്‍ നമ്മള്‍ ഏതുതരം രാജ്യമായി മാറുകയാണെന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അരുന്ധതി റോയ്.

തനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. രാജ്യം ഇപ്പോള്‍ അകപ്പെട്ട ഇരുണ്ട തുരങ്കത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതുന്നു. തങ്ങള്‍ വീണ കുഴിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചന ഇന്ത്യന്‍ ജനത നല്‍കുന്നു. ബിസ്‌ലേരി കുപ്പിയില്‍ സമുദ്രത്തെ ഞെരുക്കുന്നതു പോലെയാണ് രാജ്യത്തെ ഹിന്ദുത്വ ദേശീതയെന്നും അരുന്ധതി റോയ് പറഞ്ഞു.

‘ജനാധിപത്യത്തോട് നമ്മള്‍ എന്താണ് ചെയ്തത് നമ്മള്‍ അതിനെ എന്താക്കി മാറ്റി എന്താണ് സംഭവിക്കുന്നത് അത് പൊള്ളയായും അര്‍ത്ഥശൂന്യമായും കഴിയുമ്പോള്‍, അതിന്റെ ഓരോ സ്ഥാപനവും അപകടകരമായ ഒന്നായി മാറുമ്പോള്‍ എന്ത് സംഭവിക്കും?’ എന്നാണ് അരുന്ധതി റോയിയുടെ ചോദ്യം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറിയെന്നും അരുന്ധതി റോയ് പറയുന്നു. മുസ്‌ലിംകളെയും ദലിതരെയും ഹിന്ദുത്വ സംഘങ്ങള്‍ പരസ്യമായി പട്ടാപ്പകല്‍ അടിച്ചു കൊല്ലുന്നു. എന്നിട്ട് ദൃശ്യങ്ങള്‍ സന്തോഷപൂര്‍വം യൂ ട്യൂബില്‍ പങ്കുവെയ്ക്കുന്നു. ഫാഷിസം നമ്മുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കുന്നു. എന്നിട്ടും അതിന്റെ പേര് വിളിക്കാന്‍ നമ്മള്‍ മടിക്കുകയാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

Top