arunachal prashesh c.m resign

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു.

നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

വിമത എംഎല്‍എമാരുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ഈ നാടകീയ നീക്കമെന്നാണ് വിലയിരുത്തല്‍.

വിമത എംഎല്‍എമാര്‍ നിലപാട് മാറ്റാത്തതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വിശ്വാസ വോട്ടെടുപ്പിന് 10 ദിവസത്തെ സാവകാശം വേണമെന്ന തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. വിമത എംഎല്‍എമാരില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനാകൂ.

അറുപത് അംഗ അരുണാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട വിമതരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകു. നിലവിലെ സാഹചര്യത്തില്‍ വിമതരുടെ പിന്തുണ തുക്കിക്ക് ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തിലായിരുന്നു രാജി.

അരുണാചല്‍ നിയമസഭയില്‍ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ആണെന്ന് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രി ആയ കാലിഖാ പുള്‍ അവകാശപ്പെട്ടിരുന്നു.

ഇതിനിടെ തിടുക്കത്തില്‍ നിയമസഭാ വിളിച്ചു ചേര്‍ത്തു വിശ്വാസ വോട്ട് തേടണം എന്ന ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധം ആണെന്ന് സ്പീക്കര്‍ നബാം റേബ്യ ചൂണ്ടിക്കാട്ടി.

വിശ്വാസവോട്ട് തേടാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്നായിരുന്നു നബാം തുക്കി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല.

ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാരിനെ പുനരവരോധിച്ചത്. അന്നുതന്നെ ദില്ലിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.

Top