arunachal pradesh people wish a return to china

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ദുരിതജീവിതം അനുഭവിക്കുകയാണെന്ന് ചൈനീസ് മുഖപത്രം.

ഇതു മൂലം അരുണാചലിലെ ജനങ്ങള്‍ ചൈനയിലേക്കുള്ള മടക്കത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്തിരുന്ന ചൈനയുടെ ഏറ്റവും പുതിയ വാദമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ തിബറ്റ് എന്നറിയപ്പെടുന്ന തവാങ്ങ് ദലൈലാമ
സന്ദര്‍ശിക്കുന്നതിനെതിരെയും അതിന് അവസരമൊരുക്കുന്ന ഇന്ത്യന്‍ നിലപാടിനെയും ചൈന എതിര്‍ത്തിരുന്നു.
ആ എതിര്‍പ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൈനീസ് മുഖപത്രത്തിലൂടെ ചൈന രേഖപ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് ഡെയ്‌ലിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നതിങ്ങനെ ‘ഇന്ത്യയുടെ അനധികൃത ഭരണത്തിന് കീഴില്‍ ദക്ഷിണ തിബറ്റിലെ ജനങ്ങള്‍ ദുരിത ജീവിതം നയിക്കുകയാണ്. വലിയ വിവേചനം അനുഭവിക്കുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ ചൈനയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു.’

ദലൈലാമയ്‌ക്കെതിരെയും പത്രം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ചരിത്രം പതിനാലാമത് ദലൈലാമയെ പ്രശ്‌നക്കാരനായി രേഖപ്പെടുത്തുമെന്നും പത്രം ആരോപിക്കുന്നു.

പ്രദേശത്തെ സമാധാനം തകര്‍ത്ത രാജ്യത്തെയും ജനതയെയും വഞ്ചിച്ചതിനുള്ള സാക്ഷ്യമാണ് ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനമെന്നും ചൈനീസ് പത്രം പറയുന്നു. താന്‍ ഇന്ത്യയുടെ മകനാണെന്ന് 20 തവണയിലധികം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു അദ്ദേഹം.

ഇന്ത്യയുടെ മകനാണെന്ന് ഇത്തരത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ് ഒടുവില്‍ ആ പ്രദേശത്തെ തന്നെ ഇന്ത്യയ്ക്ക വില്‍ക്കാനാണ് ദലൈലാമ ശ്രമിക്കുന്നത്. അതിലൂടെ ചൈന ഇന്ത്യ അതിര്‍ത്തി പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ തടസ്സം അദ്ദേഹം സൃഷ്ടിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

Top