രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും

Arun Jaitley

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം-ബിജെപി രാഷ്ട്രീയ അക്രമത്തില്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും.

രാജേഷിന്റെ വീടും അക്രമം നടന്ന സ്ഥലവും സന്ദര്‍ശിക്കുന്ന ജയ്റ്റ്ലി ശ്രീകാര്യത്തും ആറ്റുകാലിലും നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കും. വൈകിട്ട് 4 ന് മാദ്ധ്യമപ്രവര്‍ത്തകരെയും കാണുന്നുണ്ട്.

രാവിലെ 11.15 ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന അരുണ്‍ ജെയ്റ്റ്ലിയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സംസ്ഥാന സംഘടനാജനറല്‍ സെക്രട്ടറി എം. ഗണേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

സംസ്ഥാന അസി. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനും പ്രതിരോധ സേനാ പ്രതിനിധികളും സ്വീകരിക്കാനുണ്ടാവും. രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്പള്ളി കലാബാഷ് ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന അനുശോചന യോഗത്തില്‍ സംസാരിക്കും.

ശ്രീവരാഹത്ത് സി.പി.എം അക്രമത്തില്‍ പരിക്കേറ്റ് കഴിഞ്ഞ എട്ടുമാസമായി ചികിത്സയില്‍ കഴിയുന്ന ജയപ്രകാശിനെയും ജെയ്റ്റ്ലി വീട്ടിലെത്തി കാണും. 1.30ന് ആറ്റുകാല്‍ മേഖലയില്‍ സി.പി.എം അക്രമത്തിനിരയായ വീട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. വൈകിട്ട് 5 ന് ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തും കേന്ദ്രമന്ത്രി പോകുന്നുണ്ട്. നാളെ പുലര്‍ച്ചെ ഡല്‍ഹിക്ക് മടങ്ങും. കേന്ദ്രമന്ത്രിക്കായി വന്‍ സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

Top