Arun Jaitley to meet top Ministers

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യസാധന വിലകള്‍ പിടിച്ചുനിര്‍ത്താനാകാതെ ക്രമാതീതമായി കുതിക്കുന്ന സാഹചര്യത്തില്‍ വഴി തേടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.

നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, രാംവിലാസ് പാസ്വാന്‍, കൃഷി മന്ത്രി രാധാ മോഹന്‍, വാണിജ്യകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുടെ യോഗമാണ് ധനമന്ത്രി വിളിച്ചു ചേര്‍ത്തത്.

കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടിയാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. വില പിടിച്ചുനിര്‍ത്താന്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടണമെന്ന് വിവിധ സംസ്ഥാനങ്ങളും ഫികി പോലുള്ള വ്യവസായ വാണിജ്യ മേഖലയിലെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

പച്ചക്കറി വിലയിലെ വര്‍ധനയാണ് ഏറ്റവും വലിയ വെല്ലുവിളി. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒടുവിലത്തെ മൊത്തവില സൂചിക പ്രകാരം പച്ചക്കറി വിലപ്പെരുപ്പം ഏപ്രിലിലുണ്ടായ 2.21 ശതമാനത്തില്‍നിന്ന് 12.94 ശതമാനമായാണ് ഉയര്‍ന്നത്.

തക്കാളി വില ഇരട്ടികടന്നു. രാജ്യമാകെ കിലോയ്ക്ക് ശരാശരി 80 രൂപയാണ് നിലവിലെ വില. കേരളത്തില്‍ 120ഉം ഹൈദരാബാദിലും ചെന്നെയിലും 100 രൂപയുമാണ് തക്കാളി വില. ഉരുളക്കിഴങ്ങ്, സവാള വിലയും ഇരട്ടിയോളം കൂടിയിട്ടുണ്ട്. മൊത്തിവില സൂചിക 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍.

ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയും ഗണ്യമായി കൂടുകയാണ്. പയര്‍ വര്‍ഗങ്ങളുടെ വില കിലോയ്ക്ക് 170 മുകളിലായി.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ രണ്ടക്കം കടന്ന പയര്‍ വര്‍ഗങ്ങളുടെ വിലപ്പെരുപ്പനിരക്ക് ഇപ്പോള്‍ 35.56 എന്ന നിലയില്‍ തുടരുകയാണ്.

പാചകത്തിനുള്ള എണ്ണയുടെ മൊത്തവിലസൂചിക അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൂന്നിരിട്ടിയാകുമെന്ന് ധനകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനും സബ്‌സിഡി നിരക്കില്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതുമുള്ള കാര്യങ്ങളാണ് ജയ്റ്റ്‌ലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

Top