റാഫേല്‍ ഇടപാട് ; രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി : റാഫേല്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രമുഖ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയ്റ്റ്‌ലി രാഹുല്‍ ഗാന്ധിക്കെതിരെ വന്നിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത് പൂര്‍ണമായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സറി കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പോലെയാണ് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദം. ഞാന്‍ 500 കൊടുത്തു, നീ 1600 കൊടുത്തു എന്ന മട്ടില്‍ നിലവാരമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അജ്ഞനാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി ഓരോ തവണയും വ്യത്യസ്തമായ തുകയുടെ അഴിമതിയാണ് ആരോപിക്കുന്നത്. കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ഇടപാടില്‍ കരിനിഴല്‍ വീത്തുകയാണ് കോണ്‍ഗ്രസ്. ദേശീയ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുകയാണിവര്‍ ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

റാഫേല്‍ ഇടപാടിലെ വിലയും നടപടികളും സംബന്ധിച്ചു കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെല്ലാം പൂർണമായും തെറ്റാണെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. 2012 ജൂൺ 27നു കരാർ വീണ്ടും പരിശോധിക്കാൻ യുപിഎ സർക്കാർ തീരുമാനിച്ചിരുന്നു. എന്നുവച്ചാൽ 11 വർഷമായി നടത്തിയ പ്രവർത്തനങ്ങളെല്ലാം പാഴായി. തീർത്തും മന്ദഗതിയിലായിരുന്നു യുപിഎ സർക്കാരിന്റെ നീക്കങ്ങൾ– ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിനെക്കുറിച്ച് അസത്യ പ്രചരണങ്ങളാണു കോൺഗ്രസ് പാർട്ടി നടത്തുന്നത്. തനിക്കെതിരായ ആരോപണങ്ങളിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ടു റിലയൻസ് മേധാവി അനിൽ അംബാനി നേരത്തേ കോൺഗ്രസ് നേതാക്കൾക്കു വക്കീൽ നോട്ടിസ് അയച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ യുദ്ധവിമാന ഇടപാടിൽ പങ്കാളിയായ റിലയൻസ് ഡിഫൻസ് കമ്പനിക്കു കരാറിലൂടെ കോടികൾ ലഭിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

Top