മോദി ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതി ഉപയോഗിച്ചിട്ടില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതി ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മോദി ചര്‍ച്ച ചെയ്തത് വികസന രാഷ്ട്രീയമാണ് , ദേശീയതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ആളാണ് മോദിയെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു .

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജാതി ഉപയോഗിക്കുന്നുവെന്ന മായാവതിയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം .

വോട്ടിനു വേണ്ടി താന്‍ ജാതി പറയാറില്ലെന്നും , രാജ്യത്തെ 130 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്നും പറഞ്ഞ് മോദിയും ഇതിനോട് പ്രതികരിച്ചിരുന്നു .

നരേന്ദ്ര മോദി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി അദ്ദേഹം സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നുമാണ് മായാവതി ആരോപിക്കുന്നത്. ‘സമാജ് വാദി പാര്‍ട്ടിനേതാക്കളായ മുലായം സിംഗ് യാദവിനെപ്പോലെയോ അഖിലേഷ് യാദവിനെപ്പോലെയോ പിന്നോക്ക ജാതിയില്‍ ജനിച്ചയാളല്ല മോദി. തന്റെ നേട്ടത്തിനായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു’- മായാവതി ആരോപിച്ചു. എല്ലാത്തവണത്തെയും പോലെ ബിജെപിയുടെ ദളിത് പിന്നോക്ക കാര്‍ഡ് ഇത്തവണ വിലപ്പോവില്ലെന്നും അവര്‍ വ്യക്തമാക്കി.

Top