വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു, രാഷ്ട്രീയത്തിലെ ദുരന്തമാണ് ഇന്ദിരാഗാന്ധി ; അരുണ്‍ ജയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ജയ്റ്റ്‌ലി ആവശ്യപ്പട്ടു.

ഇന്ദിര ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടണമെന്നുമുള്ളതായിരുന്നു അടിയന്തരാവസ്ഥയുടെ കാതല്‍. ജനാധിപത്യത്തെ ഒരു ഭരണഘടനാ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഇന്ദിര ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

1971 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ബാഹ്യ അരക്ഷിതത്വത്തിന്റെ കാരണം പറഞ്ഞ് ആര്‍ട്ടിക്കിള്‍ 352 പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നില്ലന്ന ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആദ്യ ഭാഗത്ത് ജയ്റ്റ്‌ലി പറയുന്നു.

1975ല്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ദിരാ ഗാന്ധിയാണ് മുന്നോട്ട് വെച്ചത്. ‘അതനുസരിച്ച് 1975 ജൂണ്‍ 25 ന് അര്‍ധരാത്രി രാഷ്ട്രപതി 352 ാം വകുപ്പ് അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതോടൊപ്പം ഭരണഘടനയുടെ 359ാം ആര്‍ട്ടിക്കിള്‍ പ്രകാരം 14, 19, 21, 22 എന്നീ വകുപ്പുകളിലെ മൗലീകവകാശങ്ങള്‍ സ്‌പെന്‍ഡ് ചെയ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടുവെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ ദുരന്തമാണ് ഇന്ദിരാഗാന്ധി, ശക്തമായ നയങ്ങളോ സ്ഥിരതയുള്ള പദ്ധതികളോ ആയിരുന്നില്ല അവരെ നയിച്ചത്. മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു. ജനകീയ മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെയായിരുന്നു അവര്‍. ഇന്ദിര പരാജയമാകുന്നത് അവിടെയാണെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top