ജയ്റ്റ്‌ലി-മല്യ വിവാദം പുകയുന്നു, കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നതിന് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി. മല്യ-ജയ്റ്റ്‌ലി കൂടിക്കാഴ്ചയ്ക്ക് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായി പി.എല്‍ പൂനിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജയ്റ്റ്‌ലി കള്ളം പറയുകയാണെന്നും അവരുടെ പതിനഞ്ചു മിനിറ്റ് നീണ്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ മാധ്യമങ്ങളെ ഒന്നര വര്‍ഷം മുന്‍പ് അറിയിച്ചിരുന്നതാണ്. അതിനുശേഷം ജയ്റ്റ്ലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. പക്ഷേ കൂടിക്കാഴ്ചയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അത് വിശ്വാസ വഞ്ചനയാണ്. അന്നത്തെ കൂടിക്കാഴ്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയം വിടാം. അല്ലെങ്കില്‍ ജയ്റ്റ്ലി വിടണം.’ പുനിയ പറഞ്ഞു.

വിജയ് മല്യയ്ക്ക് സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രിയാണ് ഒരുക്കിക്കൊടുത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മന്ത്രി രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

വിജയ് മല്യയ്ക്ക് സിബിഐ നല്‍കിയിരുന്ന ലുക്ക് ഔട്ട് നോട്ടീസില്‍ വിദേശയാത്രക്കുള്ള വിലക്ക് മാറ്റി യാത്ര റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാക്കി കൊടുത്തത് ധനകാര്യ മന്ത്രാലയത്തിലെ ഒരാളുടെ ഇടപെടല്‍ മൂലമാണെന്ന് സുബ്രഹ്മണ്യസ്വാമി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

Top