arun jaitley – crude oil – development

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലത്തകര്‍ച്ചയില്‍ രാജ്യത്തിനുണ്ടായ നേട്ടം വികസനത്തിന് ഉപയോഗിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ക്രൂഡ് ഓയില്‍ വില ഗണ്യമായി താഴ്ന്നിട്ടും അതിന്റെ ഫലം രാജ്യത്തെ ജനങ്ങള്‍ക്കു കിട്ടിയില്ല എന്ന ആരോപണം ഉയര്‍ന്നതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്തതില്‍ രാജ്യത്തിനുള്ള നേട്ടം അടിസ്ഥാന വികസനത്തിനും പുതിയ തൊഴിലുകള്‍ രൂപപ്പെടുത്താനുമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, 30,000 കോടി രൂപയാണ് എണ്ണക്കമ്പനികളുടെ നഷ്ടം.

ഇതു നികത്താന്‍ രാജ്യത്ത് എണ്ണവില കുറയ്ക്കാത്തത് സഹായകമായി എന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം താഴ്ന്നതിന്റെ വിലക്കുറവ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലാകാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയിലില്‍ വിലത്തകര്‍ച്ചയില്‍നിന്നുള്ള നേട്ടം മൂന്നായാണ് വിഭജിച്ചത്. ഒരു ഭാഗം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നല്കി. ഭാവിയിലേക്കുള്ള കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനും എണ്ണക്കമ്പനികള്‍ക്ക് ഇതു സഹായകമാകും.

നിലവില്‍ എണ്ണക്കമ്പനികളുടെ നഷ്ടം 30,000 കോടി രൂപയാണ്. ഇറക്കുമതി തീരുവയും മറ്റു നികുതികളും ഇതില്‍ പെടില്ല. അതിനാല്‍ സ്വാഭാവികമായും വില കുറയ്ക്കാത്തതിലെ നേട്ടം നഷ്ടം കുറയ്ക്കാന്‍ ഉപയോഗിച്ചു.

സമീപ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ വില തകര്‍ന്നപ്പോള്‍ രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലായി. രാജ്യത്ത് സാമ്പത്തികഭദ്രത പിടിച്ചുനിര്‍ത്താനും എണ്ണവില സഹായകമായി. അതുകൊണ്ട് ജനങ്ങള്‍ക്ക് വിലക്കുറവിന്റെ ഫലം നല്കാന്‍ കഴിഞ്ഞില്ല.

വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങളുടെ വാറ്റ് വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്യത്തില്‍ എക്‌സൈസ് തീരുവയുടെ ചെറിയൊരു ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഈ ചെറിയ ശതമാനമാണ് രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

വാഹനങ്ങള്‍ വാങ്ങുന്നവര്‍ റോഡുകള്‍ ഉപയോഗിക്കുന്നു. പെട്രോള്‍ വില നല്കുമ്പോള്‍ താന്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമാവുകയാണെന്ന് ഓരോ വാഹവമുടമയും കരുതണമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

Top