അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. . .സംസ്‌കാരം ഇന്ന് നിഗംബോധ്ഘട്ടില്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും.

ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

പൊതുദര്‍ശനത്തിനു ശേഷം നിഗംബോധ്ഘട്ടിലെ ശ്മശാനത്തിലാണു സംസ്‌കാരം നടക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ജയ്റ്റ്ലിക്ക് രാജ്യം യാത്രയയപ്പ് നല്‍കുക.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖരെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വിദേശ സന്ദര്‍ശനം മാറ്റിവെച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്ന് ജയ്റ്റ്ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല.

എയിംസില്‍ ചികിത്സയില്‍ കഴിയവെയാണ് അരുണ്‍ ജയ്റ്റ്‌ലി വിട പറയുന്നത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അണുബാധയും ശ്വാസതടസ്സവുമാണ് മുഖ്യ ആരോഗ്യ പ്രശ്‌നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു അദ്ദേഹം. രാജ്യസഭ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി അനാരോഗ്യത്തെ തുടര്‍ന്നു ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണു ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നത്.

ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയ്റ്റ്‌ലി 19 മാസം കരുതല്‍ തടവിലായിരുന്നു.

1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായും ജെയ്റ്റ്‌ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1989-ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവുമായിരുന്നു.

Top