arun jaitley – bank – vijay mallya

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് മദ്യരാജാവ് വിജയ് മല്യ വായ്പ എടുത്ത 7000 കോടി രൂപയില്‍ ഒരു രൂപ പോലും ബാക്കിയില്ലാതെ തിരിച്ചു പിടിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും നീതി നടപ്പാക്കപ്പെടുമെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. മല്യയില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

2004 മുതല്‍ 2014 വരെ പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് വായ്പകള്‍ തിരിച്ചു പിടിക്കുന്നതിന് ഒരു നടപടിയും കൈക്കൊണ്ടില്ല. അടുത്തിടെ മാത്രമാണ് മല്യയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ തുടങ്ങിയതെന്നും ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിന് തന്നെ മല്യ രാജ്യം വിട്ടു എന്നാണ് വിവരം. അതിനുശേഷം മാത്രമാണ് സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങിയത്. മല്യയുടെ സ്വത്തുക്കളില്‍ പലതും കണ്ടുകെട്ടി കഴിഞ്ഞു. വായ്പാ കുടിശിക തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ ചെയ്യാവുന്നതെല്ലാം ചെയ്തു വരികയാണ്. ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്പ് തന്നെ മല്യ രാജ്യം വിട്ടിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.

വിജയ് മല്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് കോന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് സംവാദത്തിന് തുടക്കം കുറിച്ചത്. മല്യയെ അറസ്റ്റ് ചെയ്യാതെയും പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കാതെയും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നെങ്കിലും മല്യയെ രാജ്യം വിട്ടുപോകാന്‍ കേന്ദ്രം സഹായിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top