അവിശ്വസിക്കുന്നവര്‍ക്ക് കല്ലെറിയാം, വിശ്വസിക്കുന്നവര്‍ ഹനാനെ വെറുതെ വിടുക; അരുണ്‍ ഗോപി

യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത സംവിധായകന്‍ അരുണ്‍ ഗോപി വിശദീകരണവുമായി രംഗത്ത്. ഇന്നലെ കണ്ട വാര്‍ത്തയിലെ ഒരു പരിചയം മാത്രമാണ് തനിക്ക് ഹനാനുമായി ഉള്ളത്. നിവൃത്തി കേടിലും പൊരുതുന്ന ഒരു പെണ്‍കുട്ടിയോടുള്ള ബഹുമാനം കൊണ്ടാണ് വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതെന്നും വാര്‍ത്തയിലെ സത്യാവസ്ഥ മനസിലാക്കിയവര്‍ ഹനാനെ വെറുതെ വിടണമെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അവിശ്വസിക്കുന്നവർക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവർക്കായി…. ഇന്നലെ കണ്ട ഒരു വാർത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാൻ എന്ന പെൺകുട്ടിയുമായി ഉണ്ടായിരുന്നത്..! നിവർത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതും.!!! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോൾ തോന്നി. അതുകൊണ്ടാണ് “നിങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാമോ” എന്ന കംമെന്റിനു “ഉറപ്പായും” എന്ന മറുപടി നൽകിയത് . തുടർന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവർത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവർത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പർ നൽകുന്നതും ഞാൻ സംസാരിക്കുന്നതും..! അഭിനയിക്കാൻ മോഹമുണ്ടെന്നു പറഞ്ഞപ്പോൾ, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോൾ… ഞാൻ നൽകാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല… ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചുവെന്നു പറയാൻ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി… നിങ്ങൾ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം??????

ഈ പോസ്റ്റിലും ചീത്ത പറയാം…! അവിശ്വസിക്കുന്നവർക്കു കല്ലെറിയാം..!!! വന്ന വാർത്തകൾ സത്യമെന്നു തിരിച്ചറിഞ്ഞാൽ ആ പെൺകുട്ടിയെ വെറുതെ വിടുക!! ജീവിതം ജീവിച്ചുതന്നെ തീർത്തോട്ടെ എല്ലാരും

Top