വനിതാ മതിലില്‍ പങ്കെടുക്കാത്തതിന് ഭീക്ഷണി; അന്വേഷണം നടത്തുമെന്ന് എസ്എഫ്.ഐ

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്‌സ് കോളജിലെ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ച് ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി റിയാസ് വഹാബാണ് ഇക്കാര്യം അറിയിച്ചത്.

വിഷയത്തില്‍ ഇടപെടുമെന്ന് നേരത്തെ യുവജന കമ്മീഷനും വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുമെന്നാണ് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കിയത്.

യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ യൂണിറ്റ് മുറിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെ ഭീക്ഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ആണ് വിവാദമായിരിക്കുന്നത്.

കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലായിരുന്നു ഭീഷണി. ഇതേക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇവിടെയെല്ലാം തങ്ങളാണ് തീരുമാനിക്കുന്നതെന്നും നേതാക്കള്‍ പറയുന്നുണ്ട്.

Top