അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവം: കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

കൊച്ചി : ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ കെ.വി.പി കൃഷ്ണകുമാര്‍ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം സൗത്ത് കൗണ്‍സിലറാണ് കെ.വി.പി കൃഷ്ണകുമാര്‍. ക്ഷേത്രഭാരവാഹികളായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കൃഷ്ണകുമാറിനൊപ്പം അറസ്റ്റിലായത്.

അശാന്തന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്‍വശത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനൊരുങ്ങവെയായിരുന്നു ഒരു സംഘം ഇത് തടഞ്ഞത്. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികള്‍ കൂടിയായ സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു അശാന്തന്റെ മൃതദേഹം തടഞ്ഞത്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് 13 പേര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ അശാന്തന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ഇവര്‍ വലിച്ചു കീറുകയും ചെയ്തു. മുന്‍വശത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പിന്‍വാതിലിലൂടെ അകത്തുകയറ്റി ചെറിയ വരാന്തയിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കേണ്ടി വന്നത്.

Top