പാരസെറ്റാമോള്‍ ചേര്‍ത്ത് വെച്ച വിജയ് ദേവെരകൊണ്ട; കലാകാരനെ കണ്ടെത്തി താരം

തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള യുവപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് വിജയ് ദേവെരകൊണ്ട. ഗീതാഗോവിന്ദം, അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ വിജയ് ദേവെരകൊണ്ട മലയാളികളുടെയും പ്രിയംപിടിച്ചുപറ്റിയിരുന്നു. താരത്തിന്റെ നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ പാരസെറ്റാമോള്‍ ചേര്‍ത്ത് വെച്ച താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ വീഡിയോ വീണ്ടും ഷെയര്‍ ചെയ്ത് തന്റെ ഫോട്ടോ വീഡിയോ ഉണ്ടാക്കിയ കലാകാരനെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ സഹായം തേടിയിരിക്കുകയാണ് താരം.

വിജയ് ദേവെരകൊണ്ട ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തിയത്. ഒടുവില്‍ ആ രൂപം ഉണ്ടാക്കിയ ആളും കമന്റുമായി രംഗത്ത് എത്തി. അജയ് ഗൌഡ് കമല്‍ എന്ന ആളാണ് വീഡിയോ ഉണ്ടാക്കിയത്. ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ് അജയ് ഗൗഡ് കമല്‍. തന്റെ കലാസൃഷ്ടി വിജയ് ദേവെരകൊണ്ട അംഗീകരിച്ചതില്‍ സന്തോഷം അറിയിക്കുകയാണ് അജയ്. ആരാണ് ഇത് ചെയ്തതെങ്കിലും അദ്ദേഹത്തെ കണ്ടുപിടിച്ചുതരൂ നേരില്‍ കാണണം എന്നായിരുന്നു വിജയ് ദേവെരകൊണ്ട പറഞ്ഞത്. ഇപ്പോള്‍ തന്റെ പ്രിയതാരമായ വിജയ് ദേവെരകൊണ്ടയെ കാണാന്‍ കഴിയുമെന്നാണ് അജയ് കരുതുന്നത്.

Top