50 സ്റ്റീല്‍ ബാറുകളില്‍ കലാകാരന്‍ നിസാര്‍ ഇബ്രാഹിം ഒരുക്കിയ മമ്മൂട്ടിയുടെ ശില്‍പം വൈറലാകുന്നു

50 സ്റ്റീല്‍ ബാറുകളില്‍ കലാകാരന്‍ നിസാര്‍ ഇബ്രാഹിം ഒരുക്കിയ മമ്മൂട്ടിയുടെ ശില്‍പം വൈറലാകുന്നു. മമ്മൂട്ടിയുടെ 58 ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്ത ഈ അനാര്‍മോര്‍ഫിക് ഇന്‍സ്റ്റലേഷന്‍ ശ്രദ്ധനേടുകയാണ്. 35 സെന്റീമീറ്റര്‍ നീളവും 20 സെന്റീമീറ്റര്‍ വീതിയും 40 സെന്റീമീറ്റര്‍ ഉയരവുമുള്ള ശില്പത്തിന് 15 കിലോഗ്രാം ഭാരമുണ്ട്. ശില്‍പ്പത്തിന്റെ ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

‘മമ്മൂക്കയ്ക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് ഈ വര്‍ക്ക്. മലയാള സിനിമയുടെ മാറ്റത്തിന് മമ്മൂക്ക നല്‍കിയ സംഭാവനകള്‍ ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് ശില്‍പത്തിന്റെ ഓരോ ഭാഗത്തും ആലേഖനം ചെയ്തിരിക്കുന്നത്. മമ്മൂക്കയ്ക്ക് ഇത് സമ്മാനമായി കൊടുക്കാനും സാധിച്ചു’, നിസാര്‍ ഇബ്രാഹിം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

ദുബായില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് നിസാര്‍ ഇബ്രാഹിം. മുന്‍പും നിരവധി വര്‍ക്കുകളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട് ഈ കലാകാരന്‍. തൃശ്ശൂര്‍ പട്ടേപ്പാടം സ്വദേശിയാണ്. ‘സമീര്‍’ എന്ന ചിത്രത്തില്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top