സര്‍ദ്ദാര്‍ പട്ടേലിന്റെ ഏറ്റവും ചെറിയ പ്രതിമയുമായി ഒഡീഷ കലാകാരന്‍

ഭുവനേശ്വര്‍: ഒരു ഗ്ലാസ്സ് ബോട്ടിലില്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏറ്റവും ചെറിയ പ്രതിമ ഉണ്ടാക്കി ഒഡീഷയില്‍ നിന്നുള്ള കലാകാരന്‍. എല്‍ ഈശ്വര്‍ റാവു എന്ന കലാകാരനാണ് സോപ്പ് ഉപയോഗിച്ച് ഇത്തരത്തില്‍ പട്ടേല്‍ പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. മൂന്നര ഇഞ്ചാണ് പ്രതിമയുടെ വലുപ്പം. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ അതേ മാതൃകയിലാണ് ഈ പ്രതിമയും നിര്‍മ്മിച്ചിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭായി പട്ടേലിനുള്ള ആദരസൂചകമായാണ് താന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസം കൊണ്ടാണ് ഇത് ഉണ്ടാക്കിയത്. 20 വര്‍ഷമായി മിനിയെച്ചര്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് റാവു.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പിറന്നാളാണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയാണ് 143-ാം ജന്മദിനത്തില്‍ പട്ടേലിന്റേതായി ഉണ്ടാക്കിയത്. ഗുജറാത്തിലെ സേതുബന്ധ് ദ്വീപിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പ്രതിമ. 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ കൃത്രിമ ദ്വീപും ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയാണ് സര്‍ദ്ദാര്‍ പട്ടേല്‍. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

Top