മേക്കപ്പുപയോഗിച്ച് കൃത്രിമ മാസ്‌ക് ധരിച്ച വിദേശിയെ ബാലി ദ്വീപില്‍ നിന്ന് നാടുകടത്തി

ജക്കാര്‍ത്ത: മേക്കപ്പുപയോഗിച്ച് കൃത്രിമ മാസ്‌ക് ധരിക്കുകയും ധരിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത റഷ്യന്‍ സ്വദേശി ലിയ സെയെ ബാലി ദ്വീപില്‍ നിന്ന് നാടുകടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു കാട്ടിയാണ് ഇയാളെ നാടുകടത്താന്‍ അതോറിറ്റി തീരുമാനിച്ചതെന്ന് ബാലി ഗവര്‍ണര്‍ ഐ വയാന്‍ കോസ്റ്റര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ 26,000 ത്തിലധികം ഫോളോവേഴ്സ് ഉള്ള ലിയ സെയെ 2020 മാര്‍ച്ചിലാണ് ബാലിയിലെത്തിയത്.

യുഎസ് ആസ്ഥാനമായുള്ള യൂട്യൂബര്‍ ജോഷ് പാലര്‍ ലിനുമായുള്ള വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖത്ത് ഛായം കൊണ്ട് മാസ്‌ക് വരച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖംമൂടി ധരിക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണിത്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വിദേശികള്‍ക്ക് 1 ദശലക്ഷം രൂപ (70 ഡോളര്‍) പിഴയും നാടുകടത്തുകയും ചെയ്യണമെന്നാണ് നിര്‍ദേശം.

 

Top