ശാസ്ത്രലോകത്തിന് നേട്ടം; കൃത്രിമ ബീജസങ്കലനത്തിലൂടെ മൂന്ന് അറേബ്യന്‍ മരുപ്പൂച്ചയ്ക്ക് ജന്മം

ദുബായ്: ശാസ്ത്ര നേട്ടവുമായി ദുബായ്‌ അല്‍ഐന്‍ മൃഗശാല. കൃത്രിമ ബീജസങ്കലനത്തിലൂടെ മൂന്ന് അറേബ്യന്‍ മരുപ്പൂച്ച കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത് മൃഗശാല നേട്ടം കുറിച്ചു. പക്ഷേ ജനന സമയത്തെ ചില പ്രശ്‌നങ്ങള്‍ മൂലം പൂച്ചക്കുഞ്ഞുങ്ങള്‍ ജീവിച്ചില്ലെങ്കിലും, വിലപ്പെട്ട അറിവുകള്‍ പരീക്ഷണത്തിലൂടെ നേടിയെന്നും, ഭാവിയില്‍ അത് ഏറെ ഉപകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിലൂടെയാണ് ഗവേഷകര്‍ ഈ നേട്ടത്തിലേക്ക് എത്തിച്ചേര്‍ന്നത്. യുഎസിലെ സിന്‍സിനാറി മൃഗശാലയുടെ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചായിരുന്നു പരീക്ഷണം നടത്തിയത്. കൃത്രിമ ബീജസങ്കലനവും, ഭ്രൂണം മാറ്റിവയ്ക്കലും അല്‍ഐന്‍ മൃഗശാലയിലായിരുന്നു. പൂച്ചകളുടെ ബീജം ശേഖരിച്ച് ശിതീകരിച്ച് സിന്‍സിനാറി ഗവേഷണ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൃത്രിമ ബീജസങ്കലനത്തിലൂടെ സൃഷ്ടിക്കുന്ന കേന്ദ്രമാണിത്. ദീര്‍ഘകാലത്തെ ഗവേഷണത്തിനു ശേഷം ഈ വര്‍ഷമാണ് പൂച്ചക്കുഞ്ഞുങ്ങള്‍ ജനിച്ചത്. വംശനാശ ഭീഷണി നേരിടുന്നവയാണ് അറേബ്യന്‍ മരുപ്പൂച്ചകള്‍. 2003 മുതല്‍ ഇവയെ സംരക്ഷിക്കാന്‍ ഇതുസംബന്ധിച്ച പഠന ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഏതായാലും പുതിയ കണ്ടുപിടിത്തം മരുപ്പൂച്ചകളുടെ സംരക്ഷണത്തിന് സഹായകമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.

Top