ചെലവ്, ഭാരം കുറയും;സ്‌മാർട്ട് കൃത്രിമക്കാലുകൾ നിർമ്മിച്ച് ഐ.എസ്.ആർ.ഒ

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ ലോകശ്രദ്ധ നേടിയ ഐ.എസ്.ആർ.ഒ നിസ്സാരവിലയ്‌ക്ക് ഗുണമേൻമയേറിയ മൈക്രോചിപ്പ് നിയന്ത്രിത കൃത്രിമ സ്‌മാർട്ട് ലിമ്പുകൾ വികസിപ്പിച്ചു. ഐ.എസ്.ആർ.ഒ. വികസിപ്പിച്ച സ്‌മാർട്ട് ലിമ്പ് 5ലക്ഷത്തിൽ താഴെ വിലയ്‌ക്ക് വിൽക്കാം. സ്‌മാർട്ട് കൃത്രിമ കാലുകൾ ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കാത്തതിനാൽ ഇറക്കുമതി ചെയ്യുമ്പോൾ 60 ലക്ഷം രൂപവരെയാണ് വില.

റോക്കറ്റുകളുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ പ്രൊസസർ, ഹൈഡ്രോളിക് ഡാംപർ, ലോഡ് ആൻഡ് ക്‌നീ ആംഗിൾ സെൻസറുകൾ, കോമ്പോസിറ്റ് ക്‌നീ കെയ്സ്, ലിഥിയം അയൺ ബാറ്ററി, ഇലക്ട്രിക്കൽ ഹാർനെസ്, ഇന്റർഫേസ് ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് സ്‌മാർട്ട് ലിമ്പുകൾ വികസിപ്പിച്ചത്. ഉപഗ്രഹവിക്ഷേപണറോക്കറ്റുകളിൽ ഉപയോഗിക്കുന്നതിന് ഐ.എസ്.ആർ.ഒ തന്നെ വികസിപ്പിച്ചെടുത്തതാണിത്. വിലയും ഭാരവും ഇതിന് കുറവാണ്. കൂടുതൽ കാലം നിലനിൽക്കുകയും.

കേവലം 1.6 കിലോഗ്രാം മാത്രം ഭാരമുള്ള കൃത്രിമക്കാലുകൾ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പെയ്സ് സെന്ററിലാണ് (വി.എസ്.എസ്.സി)യിലാണ് ഇത് വികസിപ്പിച്ചത്. വാക്കിംഗ് ട്രയലുകൾ നടത്തുന്നതിന് ജോയിന്റ് പ്രോജക്ട് മോണിറ്ററിംഗ് കമ്മറ്റിയിൽ നിന്ന് അനുമതി നേടിയ ശേഷം അംഗപരിമിതിയുള്ളയാളെ ഉപയോഗിച്ച് ഐ.എസ്.ആർ.ഒ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. സമാന്തര പിന്തുണയോടെയാണ് പ്രാരംഭഘട്ടപരീക്ഷണങ്ങൾ നടത്തിയത്.അംഗപരിമിതിയുള്ള ആൾചുരുങ്ങിയ പിന്തുണയോടെ ഈ കൃത്രിമക്കാലുപയോഗിച്ച് 100 മീറ്ററോളം നടന്നു. കാൽമുട്ടിന്റെ എല്ലാ സംവിധാനങ്ങളും തൃപ്തികരമായി പ്രവർത്തിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു.

പുതുതായി പ്രഖ്യാപിച്ച സാങ്കേതികവിദ്യയെ മൈക്രോപ്രൊസസ്സർ കൺട്രോൾഡ് ക്‌നീസ് എന്നാണ് വിളിക്കുന്നത്. ഇത് മൈക്രോപ്രൊസസ്സറുകൾ ഉപയോഗിക്കാത്ത കൃത്രിമ അവയവങ്ങളേക്കാൾ കൂടുതൽ ഫലം നൽകുമെന്നാണ് ഇസ്രോയുടെ വാഗ്‌ദാനം. പിസി അധിഷ്ഠിത സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് അംഗപരിമിതയുള്ളവർക്ക് നടക്കാനായുളള പരിധി സജ്ജീകരിക്കാം. നടത്തത്തിനിടയിൽ ഈ പരിധികൾ തത്സമയം മാറും. എൻജിനിയറിംഗ് മോഡൽ ഉപയോഗിച്ചാണ് ഈ ഡിസൈനിന്റെ പ്രായോഗികത പരിശോധിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, ദീൻദയാൽ ഉപാദ്ധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുമായി ചേർന്ന് ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ഐ.എസ്.ആർ.ഒ.യുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

 

Top