സര്‍ക്കാര്‍ 130 കോടി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി: പ്രധാനമന്ത്രി

 

ലഖ്നൗ: രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും അഭയാര്‍ഥികളായി എത്തിയവര്‍ക്ക് പൗരത്വവും നല്‍കുകയും ചെയ്തതിലൂടെ 130 കോടി ഇന്ത്യക്കാര്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്നൗവില്‍ അടല്‍ ബിഹാരി മെഡിക്കല്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പൗരത്വം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന.’ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമാധാനപരമായാണ് പരിഹരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികള്‍ക്ക്130 കോടി ഇന്ത്യക്കാര്‍ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയത്’, മോദി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ പൊതു സ്വത്ത് നശിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആളുകള്‍ ചെയ്തത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം’-മോദി പറഞ്ഞു.

മികച്ച റോഡുകള്‍, ഗതാഗതം, അഴുക്കുചാല്‍ എന്നിവ നമ്മുടെ അവകാശങ്ങളാണ്, പക്ഷേ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അധ്യാപകരോടുള്ള ബഹുമാനവും കടമകളാണ്. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാണ്, എന്നാല്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ മാനിക്കുന്നത് നമ്മുടെ കടമായണെന്നും അദ്ദേഹം പറഞ്ഞു.

 

 

Top