മുട്ടുവേദന വിഷാദരോഗത്തിന് കാരണമാകുന്നു ; ജപ്പാനില്‍ ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് പുറത്ത്

arthritis

വാഷിംങ്ടണ്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആര്‍ത്രൈറ്റിസിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ സന്ധിവാതം, കുറച്ചു കൂടി ലഘുവായി പറഞ്ഞാല്‍ മുട്ടുവേദന ജീവിതത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഇത് ക്രമേണ വിഷാദരോഗത്തിന് കാരണമാകാന്‍ സാധ്യതയുള്ളതായും പഠനം പറയുന്നു.

ജപ്പാനിലെ ഗവേഷകസംഘം അടുത്തിടെ നടത്തിയ പഠനത്തില്‍ ഇത് സംബന്ധിച്ച വിഷയം പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ഏത് തരത്തിലാണ് മുട്ടുവേദന വിഷാദത്തിന് കാരണമാകുന്നതെന്ന് പഠനങ്ങളിലൂടെ ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും, മുതിര്‍ന്ന ആളുകളുടെ ആരോഗ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താനുമായി ജപ്പാനിലെ 65 വയസ്സുള്ള 573 ആളുകളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.

പഠനം ആരംഭിച്ചപ്പോള്‍ പങ്കെടുക്കുന്ന ഒരാളില്‍ പോലും വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ക്ക് തോന്നിയിരുന്നില്ല. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഇവരെ ചില ചോദ്യോത്തര പരിപാടികളില്‍ പങ്കെടുപ്പിച്ചു. എല്ലാവരോടും കാല്‍മുട്ട് വേദനയെക്കുറിച്ചുള്ള ചോദ്യങ്ങളും ചോദിച്ചു. അവര്‍ അതിനെല്ലാം നല്‍കിയ ഉത്തരത്തില്‍ നിന്നും പലരിലും വിഷാദത്തിന്റെ ലക്ഷണങ്ങളുള്ളതായി ഗവേഷകര്‍ വിലയിരുത്തി.

പഠനത്തിലൂടെ ഏകദേശം 12 ശതമാനം പേരില്‍ വിഷാദത്തിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ഇവര്‍ മുട്ട് വേദന അനുഭവിക്കുന്നുണ്ടെന്നും, ഉറക്കം ലഭിക്കാതെ വിഷാദരോഗ ലക്ഷണങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രായമായ മുതിര്‍ന്നവര്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇത്തരത്തില്‍ വേദന ഇവരെ ഉറങ്ങാന്‍ സമ്മതിക്കാറില്ല, എന്നാല്‍ ഈ സമയം ഇവര്‍ മറ്റ് ആളുകളുമായി ഇടപെട്ടാല്‍ വിഷാദരോഗം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കന്‍ ജറിയാട്രിക്‌സ് സൊസൈറ്റി എന്ന ജേണലിലാണ് ഈ പഠനത്തെ സംബന്ധിച്ച പ്രസിദ്ധീകരണം ഉള്ളത്.

റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍

Top