Art of negotiations: Sri Sri leads talks to solve temple tangle

മുംബൈ: മഹാരാഷ്ട്രയിലെ ശിംഗണാപുര്‍ ശനി ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സ്ത്രീ സംഘടനകള്‍ക്കും നാട്ടുകാര്‍ക്കും പിന്തുണയുമായി ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.

ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതില്‍നിന്ന് സ്ത്രീകളെ വിലക്കുന്ന തരത്തില്‍ ആത്മീയ ഗ്രന്ഥങ്ങളിലൊന്നും എഴുതിവെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അവകാശമുണ്ട്. നമ്മുടെ ആത്മീയ ഗ്രന്ഥങ്ങളില്‍ ലിംഗ വിവേചനത്തിന് അനുമതി നല്‍കിയിട്ടില്ല. ഓരോ ക്ഷേത്രങ്ങളും വ്യത്യസ്തമായ നിയമങ്ങളാണ് പിന്തുടരുന്നത്. പക്ഷെ പുരുഷന്‍മാര്‍ക്ക് ആരാധന നടത്താമെങ്കില്‍ സ്ത്രീകള്‍ക്കും അതാകാമെന്നും രവിശങ്കര്‍ വ്യക്തമാക്കി.

നേരത്തെ ആത്മീയാചാര്യന്‍മാര്‍ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് രവിശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് നാനൂറോളം സ്ത്രീകളാണ് സമരം നടത്തുന്നത്.

ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ രംഗത്തെത്തി. സ്ത്രികള്‍ ക്ഷേത്രത്തില്‍ പോകേണ്ടതില്ലെന്നും അവര്‍ വീട്ടില്‍ പൂജ ചെയ്താല്‍ മതിയെന്നും അദേഹം പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ മഹിളാ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു.

Top